ഫിഫ വിലക്ക് ; ഗോകുലം കേരള വനിതാ ടീ ഉസ്‌ബെക്കിസ്ഥാനില്‍ കുടുങ്ങി
ഗോകുലം കേരള വനിതാ ടീ ഉസ്‌ബെക്കിസ്ഥാനില്‍ കുടുങ്ങി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയതോടെയാണ് എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനായി ഉസ്‌ബെക്കിസ്ഥാനിലെത്തിയ ഗോകുലം കേരളയുടെ വനിതാ ടീം അംഗങ്ങള്‍ താഷ്‌കന്റില്‍ കുടുങ്ങിയത്. ടീം അംഗങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി താഷ്‌കെന്റില്‍ എത്തിയശേഷമാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയ വിവരം അറിയുന്നത്. ഇതോടെ ഗോകുലത്തിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവില്ലെന്ന് സംഘാടകര്‍ നിലപാടെടുത്തു. ഇതോടെയാണ് വനിതാ ടീം അംഗങ്ങള്‍ എന്തു ചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലായത്.
ഗോകുലത്തിന്റെ വനിതാ ടീം അംഗങ്ങള്‍ താഷ്‌കന്റില്‍ കുടുങ്ങിയെന്നും ഫെഡറേഷനെതിരെയുള്ള ഫിഫ വിലക്ക് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നും എന്നാല്‍ മാത്രമെ ടീമിന് എഎഫ്സി കപ്പില്‍ മത്സരിക്കാനാവു എന്നും വ്യക്തമാക്കി ഗോകുലം കേരളം ട്വിറ്ററില്‍ പ്രസ്താവന ഇറക്കി. 16ന് പുലര്‍ച്ചെയാണ് കോഴിക്കോട് നിന്ന് ഗോകുലം വനിതാ ടീം ഉസ്‌ബെക്കിസ്ഥാനിലെത്തിയത്. താഷ്‌കെന്റില്‍ എത്തിയശേഷമാണ് മാധ്യമങ്ങളിലൂടെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയ വാര്‍ത്ത അറിയുന്നത്. ഫിഫ വിലക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഒരു ക്ലബ്ബിനും ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവില്ലെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട അധികൃതരോടും ഫിഫ വിലക്ക് നീക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുകയാണ്. ഇതുവഴി ഇന്ത്യയിലെ ചാമ്പ്യന്‍ ക്ലബ്ബിന് എഎഫ്സി കപ്പില്‍ മത്സരിക്കാനും അവസരം ലഭിക്കും.