കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം മുഖ്യപ്രതി പിടിയില്‍ ; ലഹരി ഉപയോഗത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കം എന്ന് സംശയം
കൊച്ചിയില്‍ യുവാവിനെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കര്‍ണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോഡ് വച്ചാണ് അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ഷാദിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അര്‍ഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീട്ടിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഇന്നലെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ തലയിലും ദേഹത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രണ്ടു ദിവസത്തെ പഴക്കമുണ്ട്. സജീവ് ഉള്‍പ്പെടെ അഞ്ചു യുവാക്കള്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയോട് ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്ടറ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. മൃതദേഹം കവറുകള്‍ കൊണ്ട് മറച്ച് ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു.കാണാതായ അര്‍ഷാദിന്റെ കൈയ്യിലാണ് കൊല്ലപ്പെട്ട യുവാവിന്റെ ഫോണ്‍ ഉള്ളതെന്നാണ് സംശയിക്കപ്പെടുന്നത്. ഇന്നലെ ഉച്ചവരെ ഈ ഫോണില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. താന്‍ സ്ഥലത്തില്ലെന്നായിരുന്നു മെസ്സേജ്.കൃത്യം നടത്തിയയാള്‍ ഫോണ്‍ കൈക്കലാക്കി മറ്റുള്ളവര്‍ക്ക് മെസ്സേജ് അയച്ചതാണെന്നാണ് സംശയിക്കുന്നത്. യുവാക്കള്‍ ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്.
അതേസമയം അറസ്റ്റിലായ പ്രതികളുടെ പക്കല്‍ കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. അറസ്റ്റിലാകുന്ന സമയത്ത് അര്‍ഷാദ്, സുഹൃത്ത് അശ്വന്ത് എന്നീ പ്രതികളുടെ പക്കല്‍ ഒരു കിലോഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് ഉണ്ടായത്. പ്രതികളെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അര്‍ഷാദിനെ വിട്ടുകിട്ടാന്‍ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം ഇന്ന് തന്നെ അപേക്ഷ നല്‍കും. സജീവ് കൃഷ്ണയുടെ കൊലപാതകം കണ്ടെത്തിയതിന് പിറകെ കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അര്‍ഷാദ് പിടിയിലായത്. ഫ്‌ലാറ്റില്‍ നിന്ന് കടത്തി കൊണ്ടുപോയ സ്‌കൂട്ടറില്‍ സുഹൃത്ത് അശ്വന്തിനൊപ്പമാണ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. പോലീസിനെ കണ്ടതോടെ ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഈ സമയം ബാഗില്‍ 1 കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയും ഉണ്ടായിരുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലില്‍ താനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ലഹരി വില്‍പ്പനക്കാരനായ അര്‍ഷാദ് കൊണ്ടോട്ടിയിലെ ഒരു ജ്വല്ലറി മോഷണി കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഗോവയില്‍ നിന്ന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെത്തിയ അര്‍ഷാദ് സുഹൃത്തിന്റെ സാഹയത്തോടെയാണ് കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസം ശരിയാക്കുന്നത്. സജീവും ലഹരി ഉപയോഗിച്ചിരുന്നു. പലരും ലഹരി ഇടപാടിനായി ഫ്‌ലാറ്റില്‍ എത്തിയിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച പെട്ടെന്നുള്ള പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. മഞ്ചേശ്വരത്ത് നിന്ന് അര്‍ഷാദിനൊപ്പം പിടിയിലായ അശ്വന്ത് ഒളിവില്‍ പോകാനുള്ള സഹായം മാത്രമാണ് ചെയ്തിട്ടുള്ളത്.