ഷാജഹാനെ കൊലപ്പെടുത്തിയത് ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തി കാരണം , 4 പേര്‍ പിടിയില്‍

പാലക്കാട് സിപിഎം പ്രവര്‍ത്തകനായിരുന്ന ഷാജഹാനെ കൊലപ്പെടുത്തിയതിന് കാരണം പാര്‍ട്ടിയില്‍ അദ്ദേഹത്തിനുണ്ടായ വളര്‍ച്ചയിലെ അതൃപ്തിയിലെന്ന് പൊലീസ്. ഷാജഹാന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പാലക്കാട് എസ് പി ആര് വിശ്വനാഥ് വിശദീകരിക്കുന്നത്. പ്രതികള്‍ക്ക് ഷാജഹാനോട് വ്യക്തി വൈര്യാഗം ഉണ്ടായിരുന്നു. കൂടാതെ പ്രതികളിലൊരാളായ നവീന്‍, രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തിരുന്നു. രാഖി ഷാജഹാന്‍ പൊട്ടിച്ചതും വിരോധം കൂട്ടി.

2019 മുതല്‍ തന്നെ ഷാജഹാനുമായി പ്രതികള്‍ക്ക് വിരോധമുണ്ട്. ഷാജഹാന്റെ സിപിഎമ്മിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായി. പ്രതികള്‍ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാന്‍ ചോദ്യം ചെയ്തു. ഇതോടൊപ്പം പ്രതികള്‍ രാഖി കെട്ടിയതടക്കം ഷാജഹാന്‍ ചോദ്യം ചെയ്തു. കൊലപാതക ദിവസം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതിലും തര്‍ക്കം ഉണ്ടായി. ഈ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു. രാഖികെട്ടല്‍, ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി ഫ്‌ലെക്‌സ് ബോര്‍ഡ് വയ്ക്കുന്നതില്‍ അടക്കം ഷാജഹാനുമായി പ്രതികള്‍ക്ക് പ്രശ്‌നം ഉണ്ടായി. പക മൂത്ത് പ്രതികള്‍ അവരുടെ വീട്ടില്‍ നിന്ന് വാളുകള്‍ എടുത്തു കൊണ്ടുവന്ന് ഷാജഹാനെ വെട്ടുകയായിരുന്നു. ശത്രുത വര്‍ധിക്കാന്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുകയാണെന്നും രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

അതേസമയം, ഷാജഹാന്‍ വധക്കേസിലെ പ്രതികളാരും ഒരു കാലത്തും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് ഇ എന്‍ സുരേഷ് ബാബു പറയുന്നു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ ഏറെ പഴയതാണെന്നും കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ ആര്‍എസ്എസ് ബിജെപി സജീവ പ്രവര്‍ത്തകരാണെന്നും വ്യാജ പ്രചരാണം നടത്തുന്നത് കൊടുക്രൂരതയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ കൈയിലുള്ളതിനേക്കാള്‍ ആയുധശേഖരം സിപിഎമ്മിനുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികള്‍ പാര്‍ട്ടി അംഗങ്ങള്‍ എന്ന് ദൃക്‌സാക്ഷി പറയുമ്പോള്‍ ഉത്തരവാദിത്തതില്‍ നിന്നും സിപിഎമ്മിന് എങ്ങനെ ഒഴിയാനാകുമെന്ന് സുധാകരന്‍ ചോദിച്ചു. അക്രമികള്‍ പാര്‍ട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സിപിഎം നേതാക്കള തിരുത്തുന്നത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ ആണെന്ന് വ്യക്തമാണെന്നും സുധാകരന്‍ പറഞ്ഞു.

ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. സിപിഎമ്മിന് അകത്ത് നടന്ന കൊലപാതകം ആണിത്.
വെറും രാഷ്ട്രീയത്തിനപ്പുറം മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി കൊലപാതകത്തിന്റെ പിന്നിലുണ്ട്. പൊലീസ് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പോലെയാണ്. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കുന്നത് പോലും സിപിഎം നേതാക്കളാണ്. സിപിഎം എന്നും അക്രമത്തിന്റെ വക്താക്കളാണെന്നും തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നതിന് തെളിവുണ്ടെന്നും ഈ കേസില്‍ നിര്‍ണായക മൊഴി നല്‍കിയ സമീപത്തെ കടക്കാരനെ പാര്‍ട്ടി നിശബ്ദനാക്കിയെന്നും സുധാകരന്‍ പറഞ്ഞു.