ജലക്ഷാമം ; അനാവശ്യമായി ജലം പാഴാക്കരുത് എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദ്ദേശം

ഇന്ത്യന്‍ ടീമിനോട് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ . ഏകദിന പരമ്പരയ്ക്കായി സിംബാബ്വെയില്‍ എത്തിയ ടീമിനോടാണ് കുളിയ്ക്കാന്‍ അധികം വെള്ളം ഉപയോഗിക്കരുതെന്ന് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയത്. വെള്ളത്തിന്റെ ഉപയോഗം എത്രയധികം കുറയ്ക്കാന്‍ കഴിയുമോ അത്രയും കുറയ്ക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലില്‍ വെള്ളത്തിന് ക്ഷാമമില്ലെങ്കിലും പൊതുജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയത്ത് ധാരാളിത്തം കാണിക്കരുതെന്ന് ബിസിസിഐ നിര്‍ദ്ദേശം നല്‍കി. ജലക്ഷാമം പരിഗണിച്ച് പൂള്‍ സെഷനും റദ്ദാക്കി. ഹരാരെയില്‍ ജലക്ഷാമം രൂക്ഷമാണ്. എന്നാല്‍ വരള്‍ച്ചയല്ല കാരണം. വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നതിന് വേണ്ട രാസവസ്തുക്കളുടെ അഭാവമാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്.

നാളെ മുതലാണ് സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. പരമ്പരയില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും. കായികക്ഷമത വീണ്ടെടുത്തതോടെയാണ് കെ.എല്‍ രാഹുലിനെ സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നേരത്തെ ശിഖര്‍ ധവാനായിരുന്നു ഇന്ത്യന്‍ നായകന്‍. ശിഖര്‍ ധവാന്‍ ടീമിന്റെ ഉപനായകനാകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. ആദ്യം ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയില്‍ രാഹുലുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകള്‍ നഷ്ട്ടപ്പെട്ടു.