യുഎഇ ക്രിക്കറ്റ് ടീമിനെ ഏഷ്യാകപ്പ് യോഗ്യതാ മല്‍സരത്തില്‍ നയിക്കുന്നത് മലയാളി

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ഒരു മലയാളി. മ കണ്ണൂര്‍ തലശേരി സ്വദേശിയായ റിസ്വാന്‍ ആണ് അന്യ രാജ്യത്തിന് വേണ്ടി ക്യാപ് അണിയുന്നത്. 2019ല്‍ നേപ്പാളിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ റിസ്വാന്‍ അരങ്ങേറ്റം കുറിക്കുന്നത്. 2020ല്‍ അയര്‍ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലൂടെ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയും റിസ്വാന്‍ നേടി. ബിടെക് പഠനം പൂര്‍ത്തിയാക്കി 2014 ല്‍ ജോലിക്കായി യുഎഇയിലെത്തിയതാണ് റിസ്വാന്റെ ജീവിതം മാറ്റി മറിച്ചത്. ഷാര്‍ജ ഈസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടയിലും ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സജീവ സാന്നിധ്യമായിരുന്നു റിസ്വാന്‍. ഈ ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനമാണ് യുഎഇ ദേശീയ ടീമിലേക്കും വഴിയൊരുക്കിയത്.

ഇതിനിടെ നാട്ടില്‍ പോസ്റ്റല്‍ വകുപ്പില്‍ ജോലി ലഭിച്ചതോടെ മടങ്ങി വരാന്‍ തീരുമാനിച്ചു. പക്ഷെ ചില ആളുകളുടെ ഇടപെടല്‍ മനസുമാറ്റി. ഇതോടെയാണ് നിയമപ്രകാരം യുഎഇയില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി ദേശീയ ടീമില്‍ ഇടം നേടാന്‍ റിസ്വാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്. ആ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് കാലം തന്നെ തെളിയിച്ചു നല്‍കിയിരിക്കുകയാണ്. തുടര്‍ന്ന് 2019 ജനുവരി 26ന് നേപ്പാളിനെതിരെ ആദ്യ രാജ്യാന്തര ഏകദിന അരങ്ങേറ്റം കുറിച്ചു. 31ന് നേപ്പാളിനെതിരെ തന്നെ ട്വന്റി 20യിലും അരങ്ങേറി. കഴിഞ്ഞ വര്‍ഷം അവസാനമാണ് റിസ്വാന് യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ഒരു വര്‍ഷത്തെ പാര്‍ട്ട്- ടൈം കരാര്‍ നല്‍കിയത്. 17 ഏകദിനങ്ങളിലാണ് റിസ് വാന്‍ ഇതുവരെ കളിച്ചിട്ടുള്ളത്. 404 റണ്‍സ് നേടിയിട്ടുണ്ട്.

1988 ഏപ്രില്‍ 19നാണ് തലശ്ശേരി സൈദാര്‍ പള്ളിയില്‍ പൂവത്താങ്കണ്ടിയില്‍ എം.പി.അബ്ദുല്‍ റൗഫിന്റെയും സി.പി.നസ്‌റീനിന്റെയും മകനായി റിസ്വാന്റെ ജനനം. നാട്ടില്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു റിസ്വാന്റെ വിദ്യാഭ്യാസം. കേരളത്തിനായി അണ്ടര്‍ 17 മുതല്‍ അണ്ടര്‍ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടര്‍ 25 മത്സരത്തില്‍ കേരള ടീമിനെ നയിച്ചതും റിസ്വാന്‍ തന്നെയായിരുന്നു. 2011 സീസണില്‍ കേരള രഞ്ജി ടീമില്‍ അംഗമായി. വിജയ് ഹസാരെ ടൂര്‍ണമെന്റിലും പങ്കെടുത്തു. സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി തുടങ്ങിയവര്‍ സഹതാരങ്ങളായിരുന്നു.