‘ഞങ്ങള്‍ സിപിഎമ്മുകാര്‍’ ; ഷാജഹാന്‍ വധക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍ ; കൊലപാതക കാരണം വ്യക്തി വൈരാഗ്യം

സിപിഎം പാര്‍ട്ടിയെയും സംസ്ഥാന സര്‍ക്കാരിനെയും വെട്ടിലാക്കി ഷാജഹാന്‍ വധക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍. തങ്ങള്‍ സിപിഎമ്മുകാരാണെന്ന വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി അനീഷ്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പറഞ്ഞു. പാലക്കാട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു അനീഷ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്തു വിട്ടത്. കേസില്‍ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുന്നങ്കാട് സ്വദേശികളായ വിഷ്ണു, സുനീഷ്, ശിവരാജന്‍, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നവരാണിവര്‍.

ബിജെപി അനുഭാവികളായ 8 പേര്‍ രാഷ്ട്രീയ വിരോധം മൂലം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതെങ്കിലും പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷാജഹാന്‍ 2019ല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ക്ക് അതൃപ്തിയും വ്യക്തിവിരോധവുമുണ്ടായിരുന്നു. ആദ്യം അകല്‍ച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നുള്‍പ്പെടെ മാറി നിന്നതായും പോലീസ് പറഞ്ഞു. അതേസമയം കൊലപാതകത്തിന് പിന്നില്‍ ബി ജെ പി ആണെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി സഹിതം. പ്രതികള്‍ പിടിയിലായ ശേഷവും അവര്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന നിലപാടിലാണ് സി പി എം നിന്നിരുന്നത്. എന്നാല്‍ വെളിപ്പെടുത്തല്‍ വന്നതോടെ എങ്ങനെയും മുഖം രക്ഷിക്കാന്‍ ആകും ഇനി സര്‍ക്കാര്‍ ശ്രമം.

കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീന്‍ (28), ഷാജഹാനെ വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ രാഖി കെട്ടിയതുമായും ഗണേശോത്സവത്തിന്റെ ഫ്‌ലെക്‌സ് ബോര്‍ഡ് വച്ചതുമായും ബന്ധപ്പെട്ട് ഈയിടെ തര്‍ക്കമുണ്ടായിരുന്നു. 14-ാം തിയതി പകല്‍ ഒന്നാം പ്രതി നവീനുമായി തര്‍ക്കമുണ്ടായെന്നും അന്നു രാത്രിയാണു കൊലപ്പെടുത്തിയതെന്നും ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് പറഞ്ഞിരുന്നു.ഒന്നാം പ്രതി നവീനെ പൊള്ളാച്ചിയില്‍ നിന്നും മറ്റു 3 പ്രതികളെ മലമ്പുഴ കവ വനമേഖലയോടു ചേര്‍ന്നുള്ള കോഴിമലയിലെ കുന്നിനു മുകളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച 3 വാളുകള്‍ കോരയാര്‍പ്പുഴയുടെ തീരത്ത് പാടത്തോടു ചേര്‍ന്ന് ഒളിപ്പിച്ച നിലയില്‍ തെളിവെടുപ്പിനിടെ കണ്ടെത്തി.