ഞങ്ങള്‍ സി പി എം എന്ന് കൊലപാതകികള്‍ ; അല്ല ബി ജെ പി ആണെന്ന് പോലീസ് ; ഷാജഹാന്‍ വധക്കേസില്‍ പാര്‍ട്ടി തര്‍ക്കം തുടരുന്നു

പാലക്കാട് സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന്റെ കൊലപാതകത്തില്‍ പോലീസും കൊലപാതകികളും തമ്മിലുള്ള തര്‍ക്കം തുടരുന്നു. തങ്ങള്‍ സിപിഎമ്മുകാരാണെന്ന് പ്രതികളും ആവര്‍ത്തിച്ചു പറയുമ്പോഴും പ്രതികള്‍ ബിജെപി അനുഭാവികളെന്ന് സമര്‍ഥിക്കുകയാണ് കേരളാ പൊലീസ്. മുഖ്യപ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് പാലക്കാട് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് പ്രതികള്‍ ബിജെപി അനുഭാവികളെന്ന് വ്യക്തമാക്കിയത്. അതേസമയം ഞങ്ങള്‍ സിപിഎമ്മുകാരാണെന്ന് പ്രതികള്‍ ആവര്‍ത്തിക്കുകയാണ്. ഷാജഹാന്‍ വധക്കേസില്‍ ആദ്യം അറസ്റ്റിലായ നവീന്‍, സുജീഷ്, അനീഷ്, ശബരീഷ് എന്നിവരെ കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് നല്‍കിയ അപേക്ഷയിലാണ് പ്രതികള്‍ ബിജെപി അനുഭാവികളാണെന്ന് വ്യക്തമാക്കിയത്.

കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നു. പ്രതികളായ എട്ടു പേരും ബിജെപി അനുഭാവികളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ ശിവരാജനും അനീഷും നവീനും ഞങ്ങള്‍ സിപിഎമ്മുകാരാണെന്ന് ആവര്‍ത്തിച്ചു. മുഖ്യപ്രതി നവീന്‍ കയ്യില്‍ ചെഗുവേരയുടെ പച്ചക്കുത്തിയതും കാണിച്ചു. ഇത് ഉയര്‍ത്തി കാണിച്ചാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റാണെന്ന് ആവര്‍ത്തിച്ചത്. ഇന്നലെ അറസ്റ്റിലായ ശിവരാജന്‍ തന്നെ പൊലീസ് മര്‍ദ്ദിച്ചതായി കോടതിയില്‍ പരാതിപ്പെട്ടു. സഹോദരനെതിരെ പറയണമെന്നാവശ്യപ്പെട്ട് മര്‍ദ്ദിച്ചുവെന്നാണ് ശിവരാജന്‍ ആരോപിച്ചത്. വ്യക്തി വൈരാഗ്യം മൂലം ഉണ്ടായ കൊലപാതകം സര്‍ക്കാര്‍ സമ്മര്‍ദ്ദം കാരണം രാഷ്ട്രീയ കൊലപാതകം ആകുവാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കേരളാ പോലീസ്.