ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു
ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു. 2022 ജനുവരി-ജൂണ്‍ കാലയളവില്‍ ദുബായിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വര്‍ധിച്ച് 8.58 ലക്ഷത്തിലെത്തി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്ന് 4.09 ലക്ഷത്തിലധികം ആളുകള്‍ ദുബായ് സന്ദര്‍ശിച്ചതായി ഡിഇടി ഡാറ്റ വ്യക്തമാക്കുന്നു. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 71.2 ലക്ഷം അന്താരാഷ്ട്ര സന്ദര്‍ശകരെയാണ് ദുബായ് ആകര്‍ഷിച്ചത്. 2021 ലെ ഇതേ കാലയളവിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 25.2 ലക്ഷം വിനോദസഞ്ചാരികളാണ് സന്ദര്‍ശിച്ചത്.
അതായത് സന്ദര്‍ശകരുടെ എണ്ണത്തില്‍ മൂന്നിരട്ടി വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും വര്‍ഷങ്ങളിലും അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമായി ദുബായ് വികസിക്കുന്നത് തുടരുമെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. 2019 ല്‍ ആദ്യ ആറുമാസത്തിനിടെ 83.6 ലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളാണ് ദുബായ് സന്ദര്‍ശിച്ചത്. 2022 ലെ ആദ്യ ആറ് മാസത്തെ മൊത്തം അന്താരാഷ്ട്ര സന്ദര്‍ശകരില്‍ 22% ഉള്‍പ്പെടുന്ന വിനോദസഞ്ചാരികളുടെ വരവില്‍ പടിഞ്ഞാറന്‍ യൂറോപ്പ് ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്.