പെണ്‍കുട്ടികള്‍ പാന്റ്സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം അടിച്ചേല്‍പ്പിക്കുന്നത് എന്തിനു എന്ന് വി.ഡി സതീശന്‍
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ആരെയും ഒരു വസ്ത്രവും അടിച്ചേല്‍പ്പിക്കരുത്. പെണ്‍കുട്ടികള്‍ പാന്റ്സും ഷര്‍ട്ടും ഇടണമെന്ന തീരുമാനം എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നത്?. ഇത് എങ്ങനെ ജെണ്ടര്‍ ഇക്വാളിറ്റിയാകും?. യൂണിഫോം ഒരു പാറ്റേണ്‍ ആണ്. പക്ഷെ അതില്‍ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കുണ്ട്. ജന്‍ഡര്‍ ജസ്റ്റിസ് നടപ്പാക്കുമ്പോള്‍ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യമാണ് പ്രധാനം. അതനുസരിച്ചുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കിയാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും. ജന്‍ഡര്‍ ജസ്റ്റിസ് സംബന്ധിച്ച ചര്‍ച്ച കുട്ടികളുടെ യൂണിഫോമില്‍ മാത്രം ഒതുക്കി നിര്‍ത്തുകയാണ് എന്നും സതീശന്‍ ആരോപിക്കുന്നു.
ലിംഗ നീതി സംബന്ധിച്ച് മുന്‍ഗണന തീരുമാനിക്കണം. അല്ലാതെ ഓരോ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ട് ഇതാണ് ലിംഗ നീതിയെന്ന് പറയരുത്. വിവാദങ്ങള്‍ ഉണ്ടാക്കാതെ ലിംഗ നീതി നടപ്പാക്കുകയാണ് ചെയ്യേണ്ടത്. ലിംഗ നീതി സമൂഹത്തില്‍ അനിവാര്യമാണെന്നതാണ് കോണ്‍ഗ്രസ് നിലപാട്. ഉറച്ച സ്ത്രീപക്ഷ നിലപാടാണ് കോഴിക്കോട് ചിന്തന്‍ ശിബിറിലും സ്വീകരിച്ചത്. ലിംഗ നീതി വിഷയത്തില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കേണ്ട. ഡോ. എം.കെ മുനീര്‍ പറഞ്ഞത് എന്താണെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. ജന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ച സി.പി.ഐ.എമ്മിന്റെ അജണ്ടയുടെ ഭാഗമാണെന്ന ആരോപണവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.എല്‍.എ രം?ഗത്തെത്തി. സമത്വം വേണ്ടത് തുല്യവേതനം നല്‍കുന്ന കാര്യത്തിലാണ്. അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് പകരം ചര്‍ച്ച വഴി തിരിച്ചുവിടാനാണ് സര്‍ക്കാരിന്റെ നീക്കം. എം.കെ മുനീര്‍, പി.എം.എ സലാം എന്നിവര്‍ പറഞ്ഞതില്‍ അവര്‍ തന്നെ വിശദീകരണം നല്‍കട്ടെയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന പേരില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചത് വിവാദമായിരുന്നു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപ്പോകും. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നത് അപകടമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വഭാവദൂഷ്യമുണ്ടാവുമെന്നും മതത്തിനപ്പുറം ധാര്‍മികതയുടെ പ്രശ്നമാണിത്, രക്ഷിതാക്കള്‍ക്ക് ഇതേക്കുറിച്ച് ആശങ്കയുണ്ടെന്നും പി.എംഎ സലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒരുമിച്ചിരുത്തിയാല്‍ കുട്ടികള്‍ വഴി തെറ്റും. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ കുട്ടികളുടെ ശ്രദ്ധ പാളിപോകും, സ്വഭാവ ദൂഷ്യം ഉള്ളവരാകും, ജപ്പാന്‍ ഇതിന് ഉദാഹരണമാണ് ജപ്പാനില്‍ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. മതവിരുദ്ധമായത് കൊണ്ട് മാത്രമല്ല പാഠ്യപദ്ധതി പരിഷ്‌കരണത്തെ എതിര്‍ക്കുന്നത് ധാര്‍മിക മൂല്യങ്ങള്‍ ഇതിലൂടെ ഇല്ലാതാവുമെന്നും പി.എം.എ സലാം പറഞ്ഞു.ലിബറലിസത്തിന്റെ നിഗൂഢമായ ദുരുദ്ദേശ്യങ്ങളുടെ ഭാഗമാണിത്. കരിക്കുലം പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണം.’ അദ്ദേഹം പറഞ്ഞു.