വിഴിഞ്ഞം പദ്ധതി എങ്ങനെയും നിര്‍ത്തലാക്കാന്‍ കച്ചകെട്ടി വൈദികര്‍ ; സമരക്കാര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയ

രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തുന്നവര്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ജനരോഷം. ഒരു വശത്ത് സമരം തുടരുമ്പോള്‍ അതിനു പുറത്ത് ഒരു ജന വികാരം ഉണ്ടാക്കാന്‍ കഴിയുന്നില്ല. മുഖ്യമായും പദ്ധതി നിര്‍ത്തിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന ആരോപണം ശക്തമാണ്. ഇതിനു വേണ്ടി വിദേശ പോര്‍ട്ടുകള്‍ ഫണ്ട് ഒഴുകുന്നുണ്ട് എന്നും ആരോപണം ഉണ്ട്. ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തിലാണ് ഇപ്പോള്‍ വിഴിഞ്ഞത്തിനു നേരെ സമരം ചെയ്യുന്നവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മത്സ്യ തൊഴിലാളികളെ പറഞ്ഞു പറ്റിച്ചു സമരത്തിന് ഇറക്കുകയാണ് എന്നും ആരോപണം ഉണ്ട്. ചില സഭകളും അവിടത്തെ വൈദികന്മാരുമാണ് ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത്. പോര്‍ട്ടിനെ അനുകൂലിക്കുന്ന യുവ തലമുറയില്‍ പെട്ടവരെ ഭീഷണിപ്പെടുത്തി സമര മുഖത്തു എത്തിക്കുന്നു എന്നും വാര്‍ത്തകള്‍ ഉണ്ട്. അതുപോലെ തുടക്കം മുതല്‍ ഈ പദ്ധതിയില്‍ താല്പര്യം ഇല്ലാത്ത ഇടതുപക്ഷ സര്‍ക്കാരും സമരം നിര്‍ത്തലാക്കാന്‍ അധിക ഇടപെടല്‍ നടത്തുന്നുമില്ല.

ഇന്നും വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ സമരം തുടരുകയാണ്. പള്ളം ലൂര്‍ദ് പുരം, അടിമലത്തുറ കൊച്ചു പള്ളി ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് സമരം. വൈദികരുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ കടന്ന് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നയിടത്തേക്ക് നീങ്ങുകയാണ്. വൈദികര്‍ പുലിമുട്ടുകള്‍ക്ക് മുകളില്‍ കയറി പതാകയും നാട്ടി. അതേസമയം, വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിലാകും നിര്‍ണായക ചര്‍ച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം, തുറമുഖ കവാടത്തിലെ സമരം നാലാം ദിവസത്തിലേക്ക് കടന്നു.

അതിരൂപത വികാരി ജനറലും സമരസമിതി കണ്‍വീനറുമായ ഫാദര്‍ യൂജിന്‍ പെരേരെയെ ഫോണില്‍ വിളിച്ചാണ് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചത്. സ്ഥലമോ സമയമോ നിശ്ചയിച്ചിട്ടില്ല. ചര്‍ച്ചയെ ലത്തീന്‍ രൂപത സ്വാഗതം ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ച്ച് പഠനം നടത്തണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തി വെയ്ക്കാനാകില്ലെന്നാണ് തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതുകൊണ്ട് തന്നെ ഇന്നത്തെ ചര്‍ച്ച ഏറെ നിര്‍ണായകമാണ്. അതേസമയം സമരക്കാര്‍ക്ക് എതിരെ പ്രാദേശിക വികാരം കൂടുതല്‍ ആണ്.