കുട്ടികളെ കാറില്‍ ഇരുത്തി പുറത്തിറങ്ങുന്നവര്‍ ജാഗ്രതൈ ; ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും
കൊച്ചു കുഞ്ഞുങ്ങളെ വരെ കാറില്‍ തനിച്ചാക്കി ഷോപ്പിങ്ങിനും മറ്റും പോകുന്നവര്‍ ഏറെയാണ്. കുട്ടികളെ ഇങ്ങനെ തനിച്ചാക്കി പോയത് കാരണം ധാരാളം കുഞ്ഞുങ്ങള്‍ കാറുകള്‍ക്കുള്ളില്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നത് കാരണം യു.എ.ഇയില്‍ കുട്ടികളെ ശ്രദ്ധിക്കാതെ കാറുകളില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ (1,361 ഡോളര്‍) പിഴ ചുമത്താന്‍ തീരുമാനം. ഇത്തരം സംഭവങ്ങളിലൂടെ കുട്ടികള്‍ക്ക് പരിക്ക് പറ്റാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. യു.എ.ഇയിലെ താപനില 48 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുകയാണ്. കടുത്ത വേനലുള്ള സമയത്ത് കുട്ടികളെ വാഹനങ്ങളില്‍ ഉപേക്ഷിക്കുന്നത് വളരെ അപകടകരമാണ്.
‘കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തില്‍ ഉപേക്ഷിക്കുന്ന രക്ഷിതാവിന് കുറഞ്ഞത് 5,000 ദിര്‍ഹം പിഴ ചുമത്തും. ഇതോടൊപ്പം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും. കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തില്‍ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച നിരവധി സംഭവങ്ങള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ‘. – അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹമദ് അല്‍ ഇസൈ പറഞ്ഞു. എമറാത്ത് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഫോണ്‍ കോളില്‍ മുഴുകി കുഞ്ഞിനെ കാറില്‍ മറന്നുപോയ പിതാവിന്റെ സംഭവം ഒരു സംവിധായകന്‍ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും അല്‍ ഇസൈ വെളിപ്പെടുത്തി. കുഞ്ഞിനെ കാറിലിരുത്തി എയര്‍ കണ്ടീഷന്‍ ഓഫാക്കിയ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങി ഫോണില്‍ സംസാരിച്ചത്. ഏറെ നേരമായിട്ടും പിതാവ് കാര്‍ തുറക്കാതായതോടെ കുഞ്ഞ് മരിച്ചിരുന്നു. ഈ സംഭവത്തെ എല്ലാവരും ഒരു മുന്നറിയിപ്പായി എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.