മഴക്കെടുതിയില്‍ 26 മരണം : ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം

ഉത്തരേന്ത്യയിലെ ഉണ്ടായ മഴക്കെടുതികളില്‍ 26 മരണം. ഹിമാചല്‍ പ്രദേശില്‍ പതിനഞ്ചും, ഉത്തരാഖണ്ഡിലും, ഒഡീഷയില്‍ നാലും, ജമ്മു കശ്മീരില്‍ രണ്ട് പേരും ജാര്‍ഖണ്ഡിലും ഒരാളും മരിച്ചതായാണ് വിവരം. ഹിമാചലിലെ കാന്‍ഗ്ര ജില്ലയില്‍ ചക്കി നദിക്ക് കുറുകെയുള്ള റെയില്‍പാളം പൂര്‍ണമായി തകര്‍ന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് പുലര്‍ച്ചെയോടെ മേഘവിസ്ഫോടനമുണ്ടായതാണ് പ്രളയ തീവ്രത കൂട്ടിയത്. നദികള്‍ കരകവിഞ്ഞൊഴുകിയതിന് പിന്നാലെ ജനവാസ മേഖലകള്‍ ഉള്‍പ്പടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമസ, സോങ്ങ്, ചക്കി നദികളില്‍ നിന്ന് ജലം കുത്തിയൊഴുകി വന്നതോടെ നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നു.കാന്‍ഗ്ര ജില്ലയിലെ ചക്കി നദിക്ക് മുകളിലൂടെയുള്ള റെയില്‍പ്പാലം പൂര്‍ണമായി തകര്‍ന്നു .

ഹിമാചലിലെ മണ്ടിയില്‍ വലിയ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കലക്ടര്‍ അറിയിച്ചു. .കാന്‍ഗ്ര,ചമ്പ,മണ്ഡി, കുളു, ഷിംല, സിര്‍മോര്‍, സോളന്‍, ഹമിര്‍പൂര്‍, ഉന, ബിലാസ്പൂര്‍ ജില്ലകളില്‍ അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരും. ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെ വെള്ളം കയറി സാര്‍ഖേത് ഗ്രാമം ഒറ്റപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. രണ്ടിടങ്ങളിലും ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.