ഹൃദയാഘാതത്തില്‍ നിന്ന് ഉടമയെ രക്ഷിച്ചത് വളര്‍ത്തു പൂച്ച
തന്റെ ഉടമയെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിച്ച പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോ. സംഭവം നടക്കുന്നത് ലണ്ടനിലാണ്. ഉറക്കത്തില്‍ നിന്ന് പൂച്ച തന്നെ ഉണര്‍ത്തിയില്ലായിരുന്നെങ്കില്‍ താന്‍ മരണപ്പെട്ടേനെ എന്നാണ് ഉടമയായ സാം ഫെല്സ്റ്റഡിന് പറയുന്നത്. നോട്ടിങ്ഹാംഷെയറിലെ സ്റ്റാപ്പിള്ഫോര്ഡിലാണ് ഇവര്‍ താമസിക്കുന്നത്. മെഡിക്കല്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ് ഉടമയായ സാം ഫെല്സ്റ്റഡിന്. ബില്ലി എന്ന തന്റെ ഏഴു വയസുള്ള പൂച്ച തന്നെ തക്ക സമയത്ത് ഉണര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഉറക്കത്തില്‍ ഹൃദയാഘാതം വന്നു മരണപെട്ടുപോയിരുന്നേനെ എന്നാണ് സാം ഫെല്‍സ്റ്റഡ് പറയുന്നത്. അത്ഭുതകരമായി രക്ഷപ്പെട്ട ഞെട്ടലിലാണ് ഈ നാല്പത്തിരണ്ടുകാരി.
എന്നും വളര്‍ത്തു പൂച്ചയ്ക്കൊപ്പമാണ് സാം ഫെല്‍സ്റ്റഡ് ഉറങ്ങാറുള്ളത്. ഹൃദയാഘാതമുണ്ടായ രാത്രിയില്‍ പതിവില്ലാതെ പൂച്ച കാലുകള്‍ ഉപയോഗിച്ച് നെഞ്ചില്‍ ശക്തമായി തട്ടിയുണര്ത്താന് ശ്രമിക്കുകയും ചെവിക്കരികില്‍ നിന്ന് കരയാനും തുടങ്ങി. ശബ്ദം കേട്ട് പെട്ടെന്ന് ഞെട്ടി ഉണരുകയായിരുന്നു. കണ്ണ് തുറക്കുമ്പോള്‍ ആകെ വിയര്‍ത്ത് കുളിച്ച് ശരീരം ആകെ അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. നെഞ്ചിന്റെ വലതുഭാഗത്തായി കഠിനമായ വേദനയും അനുഭവപെട്ടു. ഉടന്‍ തന്നെ സഹായത്തിനായി അമ്മ ക്യാരെന്‍ ഫെല്‍സ്റ്റഡിനെ വിളിക്കുകയായിരുന്നു. ‘അമ്മ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഫെല്സ്റ്റഡിന് ഹൃദയാഘാതമുണ്ടായതാണ് എന്നും ആ സമയം ഉറക്കത്തില്‍ നിന്ന് എണീക്കുവാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ മരണം സംഭവിച്ചേനെ എന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. ഫെല്സ്റ്റെഡിന്റെ ശരീരത്തിലുള്ള മാറ്റങ്ങള്‍ അറിഞ്ഞു ബില്ലി പെട്ടെന്ന് പ്രതികരിച്ചതുകൊണ്ടാണ് അസാധാരണമായി പെരുമാറിയതെന്നും വിദഗ്ധര്‍ പറഞ്ഞു.