സിംബാബ്‌വെക്കെതിരെ സിക്‌സറടിച്ചു കളി ജയിപ്പിച്ചു സഞ്ജു , ഇന്ത്യയ്ക്ക് പരമ്പര

സിക്‌സറടിച്ചു ഇന്ത്യയെ വിജയത്തിലെത്തിച്ചു സഞ്ജു. ഇതോടെ സിംബാബ്‌വെക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര, രണ്ടാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ അഞ്ചു വിക്കറ്റിനാണ് സിംബാബ്‌വെയെ തകര്‍ത്തത്. 39 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സിംബാബ്‌വെ കുറിച്ച 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറില്‍ നിസാരമായി മറികടക്കുകയായിരുന്നു. ഇന്ത്യയുടെ സ്‌കോര്‍ 161ല്‍ നില്‍ക്കെ, സിംബാബ്‌വെ ബൗളര്‍ ഇന്നസെന്റ് കയയുടെ പന്ത് സിക്‌സറടിച്ചാണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്. ശാര്‍ദുല്‍ ഠാകുറിന്റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. 21 പന്തില്‍ 33 റണ്‍സുമായി ശിഖര്‍ ധവാനും 34 പന്തില്‍ 33 റണ്‍സുമായി സുഭ്മാന്‍ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

അതേസമയം ക്യാപ്റ്റനെന്ന നിലയില്‍ രണ്ടാം ജയം നേടിയെങ്കിലും ബാറ്റിംഗില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തി. ഏഷ്യാ കപ്പിന് മുമ്പ് ബാറ്റിംഗ് പരിശീലനം ലക്ഷ്യമിട്ട് ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ രാഹുല്‍ രണ്ടാം ഓവറില്‍ ഒരു റണ്ണുമായി മടങ്ങി. അഞ്ച് പന്ത് നേരിട്ട രാഹുലിനെ വിക്ടര്‍ നൗച്ചി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യയെ ആശങ്കയൊന്നുമില്ലാതെ മുന്നോട്ടു നയിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി ആക്രമിച്ചു കളിച്ച ധവാന്‍ 21 പന്തില്‍ 33 റണ്‍സെടുത്തെങ്കില്‍ ടീം സ്‌കോര്‍ 50 കടകും മുമ്പെ മടങ്ങി. തനക ചിവാങയാണ് ധവാനെ മടക്കിയത്.ശുഭ്മാന്‍ ഗില്‍ പതിവുഫോമില്‍ മുന്നേറിയപ്പോള്‍ നീണ്ട ഇടവേളക്കുശേഷം ബാറ്റിംഗിന് അവസരം ലഭിച്ച ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തി. 13 പന്തില്‍ ആറ് റണ്‍സെടുത്ത കിഷനെയും മികച്ച രീതിയില്‍ കളിച്ച് 33 റണ്‍സെടുത്ത ഗില്ലിനെയും ജോങ്വെ വീഴ്ത്തിയതോടെ ഇന്ത്യ 97-4 എന്ന സ്‌കോറില്‍ ഒന്ന് പതറി.

തുടര്‍ന്ന് ഇന്ത്യയെ വിറപ്പിക്കാമെന്ന് സിംബാബ്വെ സ്വപ്നം കണ്ടെങ്കിലും അത് സ്വപ്നമായി അവശേഷിച്ചു. ആറാമനായി ക്രീസിലിറങ്ങിയ സഞ്ജു സാംസണും പിന്തുണ നല്‍കിയ ദീപക് ഡൂഡയും ചേര്‍ന്ന് ഇന്ത്യയെ അതിവേഗം ലക്ഷ്യത്തിലേക്ക് നയിച്ചു. സീന്‍ വില്യംസിനെ തുടര്‍ച്ചയായി സിക്‌സിന് പറത്തിയ സഞ്ജു തന്നെക്കാള്‍ മുന്നെ ഇറങ്ങിയ ഹൂഡയെ പിന്നിലാക്കി കുതിച്ചു. വിജയത്തിന് അരികെ ഹൂഡ(25) മടങ്ങിയെങ്കിലും സഞ്ജുവിന്റെ ഫിനിഷിംഗിലൂടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ധോണി സ്‌റ്റൈലില്‍ സിക്‌സര്‍ അടിച്ചായിരുന്നു സഞ്ജുവിന്റെ ഫിനിഷിംഗ്. 39 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും പറത്തിയാണ് സഞ്ജു 43 റണ്‍സെടുത്തത്. ഏഴ് പന്തില്‍ ആറ് റണ്‍സുമാി അക്‌സര്‍ പട്ടേല്‍ വിജയത്തില്‍ സഞ്ജുവിന് കൂട്ടായി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സിംബാബ്വെയെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. മൂന്ന് വിക്കറ്റ് നേടിയ ഷാര്‍ദുല്‍ ഠാക്കൂറായിരുന്നു കൂടുതല്‍ അപകടകാരി. സിംബാബ്വെക്കായി സീന്‍ വില്യംസ് (42), റ്യാന്‍ ബേള്‍ (39 നോട്ടൗട്ട്) എന്നിവര്‍ക്ക് മാത്രമാണ് സിംബാബ്വെ നിരയില്‍ തിളങ്ങാനായത്.