ഷാജഹാന്‍ കൊലപാതകം : പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു പേരെ കാണാനില്ല

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ആവാസിന്റെയും ജയരാജിന്റെയും അമ്മമാര്‍ പാലക്കാട് കോടതിയെ സമീപിച്ചു. ജയരാജിന്റെ അമ്മ ദൈവാനിയും ആവാസിന്റെ അമ്മ പുഷ്പയുമാണ് കോടതിയെ സമീപിച്ചത്.

മക്കളെ കാണാനില്ലെന്ന ഇവരുടെ പരാതി അന്വേഷിക്കാന്‍ കോടതി അഭിഭാഷക കമ്മീഷനെ സമീപിച്ചു. ആവാസും ജയരാജും പൊലീസ് കസ്റ്റഡിയില്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍, പ്രതികളെ പൊലീസ് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ അഭിഭാഷക കമ്മീഷന്‍ പരിശോധന നടത്തി. തുടര്‍ന്ന് പാലക്കാട് നോര്‍ത്ത സ്റ്റേഷനിലും പരിശോധിച്ചു. ചൊവ്വാഴ്ചയാണ് ഇരുവരേയും ചോദ്യം ചെയ്യാനെന്ന പേരില്‍ പൊലീസ് വിളിച്ചു കൊണ്ടുപോയതെന്ന് ആവാസിന്റെയും ജയരാജിന്റെയും അമ്മമാര്‍ പറഞ്ഞു.

ഷാജഹാന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ളവരല്ലാതെ പലരും പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരും പൊലീസ് പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായി മലമ്പുഴ കവയ്ക്കടുത്തും പൊള്ളാച്ചിയിലും ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. എട്ടംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇതില്‍ രണ്ട് പേര്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. ആദ്യം കാലിലും പിന്നീട് കൈക്കും വെട്ടിയ പ്രതികള്‍ ഷാജഹാന്‍ വീണതോടെ കഴുത്തിലും തലയിലും ക്രൂരമായി വെട്ടി. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഷാജഹാനെ അക്രമിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.