വിഴിഞ്ഞം തുറമുഖ സമരത്തിന്റെ മറവില്‍ വ്യാപകമായ മോഷണം എന്ന് പരാതി
തുറമുഖ നിര്‍മ്മാണം നിര്‍ത്തി വെക്കണം എന്ന ആവശ്യവുമായി ലത്തീന്‍ സഭ നടത്തി വരുന്ന സമരത്തിന്റെ മറവില്‍ വ്യാപകമായ മോഷണം എന്ന് പരാതി. സമരത്തില്‍ നിന്നും സഭയില്‍ ഇല്ലാത്തവര്‍ എല്ലാം പിന്‍ തിരിഞ്ഞു നില്‍ക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍. അതുകൊണ്ടു തന്നെ ദൂരെ ദേശങ്ങളില്‍ നിന്നുപോലും സമരത്തിന് വേണ്ടി സഭയില്‍ പെട്ടവരെ എത്തിക്കുകയാണ്. ഇങ്ങനെ പുറത്തു നിന്നും സമരത്തിന് എത്തിയവരില്‍ ചിലര്‍ മോഷണം നടത്തുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടാതെ കൂട്ടം ചേര്‍ന്നിരുന്നു മദ്യപിച്ചു പ്രശ്ങ്ങളും ചിലര്‍ ഉണ്ടാക്കുന്നു എന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സര്‍ക്കാരുമായി ചര്‍ച്ച നടത്തി എങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തലാക്കണം എന്ന ഒറ്റ ആവശ്യത്തിലാണ് സഭാ നേതൃത്വം ഇപ്പോള്‍ നില്‍ക്കുന്നത്. ഇതിനു പിന്നില്‍ വ്യക്തി താല്പര്യം ഉണ്ട് എന്നാണ് തുറമുഖ നിര്‍മ്മാണത്തിനെ അനുകൂലിക്കുന്ന പ്രദേശവാസികള്‍ പറയുന്നത്.
സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ മറ്റാവശ്യങ്ങളൊക്കെ അംഗീകരിക്കപ്പെട്ടങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ ലത്തീന്‍ സഭ തീരുമാനിച്ചത്. . സമരക്കാര്‍ ഉന്നയിച്ച ഏഴിന ആവശ്യങ്ങളില്‍, അഞ്ചിലും പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരെ ഓണത്തിന് മുമ്പായി വാടക വീടുകളിലേക്ക് സര്‍ക്കാര്‍ മാറ്റും.
ചര്‍ച്ചയില്‍ പ്രതിസന്ധിയായത് തുറമുഖം നിര്‍മ്മാണം നിര്‍ത്തിവെച്ച് വീണ്ടും പഠനം നടത്തണമെന്ന സമരക്കാരുടെ ആവശ്യമാണ്. മണ്ണെണ്ണ സബ്‌സിഡിയിലും തീരുമാനമെടുക്കാന്‍ ചര്‍ച്ചയില്‍ ആയില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കും എന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്.
രൂക്ഷമായ കടലേറ്റവും തീരം കടല്‍ എടുക്കുന്നതു മൂലവും നിരവധി പേരാണ് ഭവനരഹിതരായത്. വിഴിഞ്ഞം അദാനി തുറമുഖ നിര്‍മ്മാണം ആരംഭിച്ചതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥയ്ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികളും ലത്തീന്‍ രൂപതയും പറയുന്നത്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച ഫലപ്രദവും തൃപ്തികരവുമെന്ന് പറഞ്ഞെങ്കിലും സമര മുഖത്ത് തന്നെയാണ് മത്സ്യത്തൊഴിലാളികളും ലത്തീന്‍ അതിരൂപതയും. പ്രതിഷേധം ഇന്നും അയവില്ലാതെ തുടര്‍ന്നു. വിഴിഞ്ഞം ഇടവകയ്ക്ക് കീഴിലെ ആളുകളാണ് ഇന്ന് സമരവേദിയിലേക്ക് എത്തിയത്. ബാരിക്കേഡ് മറിച്ചിട്ട് മുന്നേറാന്‍ ചിലര്‍ ശ്രമിച്ചു. ഇതിനിടെ മറ്റു ചിലര്‍ സര്‍വീസ് റോഡിലൂടെ തുറമുഖ കവാടത്തിലേക്ക് എത്തി. ഗേറ്റ് തല്ലി തകര്‍ത്ത് അകത്ത് കടന്ന പ്രതിഷേധക്കാര്‍ തുറമുഖ പദ്ധതി പ്രദേശത്ത് കൊടി നാട്ടി.
അടിസ്ഥാന പ്രശ്‌നം തുറമുഖ നിര്‍മാണമാണെന്നും അത് നിര്‍ത്തി വെയ്ക്കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ക്രിസ്തുദാസ് പറഞ്ഞു. സംസ്ഥാനത്തിന് നടപടി എടുക്കാന്‍ കഴിയില്ലെങ്കില്‍ അതിന് കഴിയുന്നവരോട് സംസാരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. മുഖ്യമന്ത്രിയുമായി വൈകാതെ ചര്‍ച്ച വേണം എന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷ കെ.സുരേന്ദ്രന്റെ ആരോപണം അദ്ദേഹം തള്ളി. കൂടംകുളം എന്താണെന്ന് പോലും അറിയാത്തവരാണ് സമരം നടത്തുന്നതെന്നും ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ പറഞ്ഞു.
ഇതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് രൂപതയും രംഗത്തെത്തി. തിരുവനന്തപുരത്തെ തീര സമരത്തിന് കോഴിക്കോട് രൂപത പിന്തുണ പ്രഖ്യാപിക്കുന്നതായി ബിഷപ്പ് ഡോക്ടര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കണം. പദ്ധതിക്ക് എതിരല്ല. അതുമൂലം ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കണം. സമരം സര്‍ക്കാറിന് എതിരല്ല. ജനങ്ങളുടെ പ്രശ്‌നം സര്‍ക്കാറിനെ അറിയിക്കാനാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, ഇടുക്കി അടക്കമുള്ള മലയോര ജില്ലകളില്‍ നിന്നുള്ളവരും സമരത്തിന് പിന്തുണ അറിയിച്ച് എത്തി. അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പിന്റെ കത്ത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തുറമുഖ നിര്‍മാണത്തെ ബാധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് ആഭ്യന്തര വകുപ്പിന് തുടര്‍നടപടികള്‍ക്ക് കൈമാറി.
മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് സമരം ശക്തമാക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുന്നത്. വിഴിഞ്ഞത്ത് അടുത്ത വര്‍ഷത്തോടെ കപ്പല്‍ എത്തുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സമരം തുടരുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്നും അദാനി ഗ്രൂപ്പ് കത്തില്‍ വ്യക്തമാക്കുന്നു.