ബസ്സിനുള്ളില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസ് ; മോട്ടോര്‍ വാഹനനിയമം പുതുക്കി

ബസില്‍ വെച്ച് സ്ത്രീകളെ തുറിച്ച് നോക്കിയാല്‍ ഇനി മുതല്‍ കേസെടുക്കാം. പരാതിയിന്‍മേല്‍ അറസ്റ്റ് ചെയ്യാനും സാധിക്കും. അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക, ലൈംഗിക അതിക്രമം നടത്തുക എന്നിവയെല്ലാം പുതുക്കിയ നിയമം പ്രകാരം ഗുരുതരമായ കുറ്റങ്ങളായി കണക്കാക്കും. തമിഴ് നാട്ടിലാണ് പുതിയ നിയമം നിലവില്‍ വന്നത്. ബസിലെ കണ്ടക്ടര്‍ക്കാണ് ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കിയിരിക്കുന്നത്. യാത്ര ചെയ്യുന്നതിനിടയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായാല്‍ യാത്രക്കാരനെ ബസ്സില്‍ നിന്ന് പുറത്താക്കി പൊലീസ് സ്റ്റേഷനില്‍ എത്തിക്കേണ്ടത് കണ്ടക്ടറുടെ ചുമതലയാണ്. സ്ത്രീകളെ നോക്കി ചൂളമടിക്കുക, തുറിച്ച് നോക്കല്‍, ലൈംഗികമായി സ്പര്‍ശിക്കല്‍, മൊബൈലില്‍ സ്ത്രീകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കല്‍ എന്നിവയെല്ലാം കുറ്റകരമായ പ്രവൃത്തികളാണ്. ഇതിനെല്ലാം ശിക്ഷ ഉറപ്പാക്കുന്നവയാണ് തമിഴ്‌നാട്ടിലെ പുതിയ നിയമം.

സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ കണ്ടക്ടര്‍ക്കെതിരെയും നടപടിയുണ്ടാവും. പുതിയ നിയമം പ്രകാരം കര്‍ശന ശിക്ഷകളാണ് കണ്ടക്ടര്‍ക്കെതിരെ ഉണ്ടാവുക. സഹായിക്കുകയെന്ന നാട്യത്തില്‍ ബസ്സില്‍ നിന്ന് ഇറങ്ങുമ്പോഴോ കയറുമ്പോഴോ സ്ത്രീയെ മോശമായി സ്പര്‍ശിച്ചാല്‍ കണ്ടക്ടര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും പുതുക്കിയ മോട്ടോര്‍ വാഹനനിയമം പറയുന്നു. കണ്ടക്ടര്‍മാര്‍ സ്ത്രീകളെക്കുറിച്ച് മോശമായ കമന്റുകളോ, ലൈംഗികച്ചുവയോടെ ഉള്ള പരാമര്‍ശങ്ങളോ, തമാശകളോ പറഞ്ഞാലും ശിക്ഷ ലഭിക്കും. സ്ത്രീകള്‍ക്കെതിരെ ബസ്സില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ ഏതൊരു പുരുഷ യാത്രക്കാരനെയും സീറ്റില്‍ നിന്ന് എണീപ്പിച്ച് പുറത്താക്കേണ്ട ബാധ്യത കണ്ടക്ടര്‍ക്കുണ്ട്. സഹയാത്രികരോട് കൂടി സംസാരിച്ച് കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് യാത്രക്കാരനെ പോലീസിനെ കൈമാറാവുന്നതാണ്. സ്ത്രീയുടെ പരാതിയും യാത്രക്കാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്ത് നിജസ്ഥിതി എന്തെന്ന് ആദ്യം മനസ്സിലാക്കണം.

സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി പരാതിയെക്കുറിച്ച് അന്വേഷിക്കണം. യാത്രക്കാരന്‍ കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ഇയാളെയും കൊണ്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തണം. അവിടെ വെച്ച് പരാതിക്കാരിക്ക് പരാതി എഴുതി നല്‍കാവുന്നതാണ്. പിന്നീടുള്ള ഉത്തരവാദിത്വം പൊലീസിന്റേതാണ്. ഇത് കൂടാതെ ബസ്സില്‍ പരാതികള്‍ എഴുതി വെക്കുന്നതിന് വേണ്ടി ഒരു പുസ്തകം വെക്കേണ്ടതും കണ്ടക്ടറുടെ ഉത്തരവാദിത്വമാണ്. ഏതൊരു യാത്രക്കാരനും ഈ പുസ്തകത്തില്‍ പരാതി എഴുതി വെക്കാവുന്നതാണ്. ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയാലും ബസ് ജീവനക്കാരുടെ ഇടപെടല്‍ ശരിയല്ലെന്ന് ബോധ്യപ്പെട്ടാലും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തി വെക്കാന്‍ സാധിക്കും.