കൂലിപ്പണിക്കാരന് കിട്ടിയത് 37.5 ലക്ഷം രൂപയുടെ ആദായനികുതി നോട്ടീസ്
ദിവസം 500 രൂപയ്ക്ക് ജോലി ചെയ്യുന്ന കൂലിപ്പണിക്കാരന് ലഭിച്ചത് 37.5 ലക്ഷം രൂപയുടെ ആദായ നികുതി നോട്ടീസ്. ബിഹാറിലാണ് സംഭവം. ഉടന്‍ ഈ തുക അടയ്ക്കണമെന്നാണ് ഗിരീഷ് യാദവ് എന്ന ദിവസ വേതനക്കാരനായ തൊഴിലാളിക്ക് വന്ന നോട്ടീസ് വ്യക്തമാക്കുന്നത്. ഖഗാരിയ ജില്ലയിലെ മഘൗന ഗ്രാമവാസിയായ ഗിരീഷ് യാദവ്, പ്രതിദിനം 500 രൂപ കൂലി വാങ്ങി ജീവിക്കുന്നയാളാണ്. സ്വന്തമായി ഇത്രയും തുകയുടെ ആസ്തിയൊന്നും തനിക്കില്ലെന്നും ഗിരീഷ് പറയുന്നു. അപ്രതീക്ഷിതമായി വന്ന നോട്ടീസില്‍ ഞെട്ടി, മാനസിക സംഘര്‍ഷത്തിലായ ഗിരീഷ്, തന്റെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കിയിരിക്കുകയാണിപ്പോള്.
സംഭവത്തില്‍, ഗിരീഷ് പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രാഥമികമായ നിഗമനത്തില്‍ ഇതൊരു തട്ടിപ്പാകാനാണ് കൂടുതല്‍ സാധ്യതയെന്നും അലൗലി പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ പുരേന്ദ്ര കുമാര്‍ പറഞ്ഞു. ഗിരീഷിന്റെ പേരില്‍ അനുവദിച്ച പാന്‍ നമ്പറിനെതിരെയാണ് പരാതിക്കാരന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഒരിക്കല്‍ ദില്ലിയില്‍ ചെറുകിട ജോലി ചെയ്യുന്നതിനായി ഒരു ഏജന്റ് വഴി പാന്‍ കാര്‍ഡ് ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗിരീഷിന് പിന്നീട് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മാത്രമല്ല, രാജസ്ഥാന് ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി ഗിരീഷിന് ബന്ധമുണ്ടെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ ഒരിക്കലും ആ സംസ്ഥാനത്തേക്ക് പോയിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നതായും പൊലീസ് പറയുന്നു. സ്വകാര്യ വിവരങ്ങളും രേഖകളും കൈക്കലാക്കി നടത്തിയ തട്ടിപ്പാകാമെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അതിന് ശേഷം മാത്രമേ വ്യക്തമായ ഒരു ഉത്തരം കണ്ടെത്താന്‍ സാധിക്കൂ എന്നുമുള്ള നിലപാടിലാണ് പൊലീസ്.