മദ്യം മാത്രമല്ല രാജ്യത്ത് ഏറ്റവും കൂടുതല്‍ മരുന്ന് വാങ്ങുന്നതും മലയാളികള്‍
മദ്യപാനത്തിലുള്ള മലയാളികളുടെ ദേശിയ റിക്കാര്‍ഡ് ഇപ്പോള്‍ ലോകപ്രശസ്തമാണ്. ദേശിയ ശരാശരി കണക്കെടുത്താല്‍ ഇപ്പോള്‍ രാജ്യത്തു ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് മലയാളികള്‍ ആണ്. എന്നാല്‍ മദ്യം മാത്രമല്ല രാജ്യത്ത് ഏറ്റവും കൂടുതല്‍ മരുന്ന് വാങ്ങുന്നതും മലയാളികള്‍ ആണ് എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ആരോഗ്യപ്രശ്‌നങ്ങളുടെ പേരില്‍ കേരളത്തില്‍ ഒരാള്‍ മരുന്നിനായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് ശരാശരി 2567 രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ആളുകള്‍ വാങ്ങുന്ന മരുന്നില്‍ 88.43 ശതമാനം ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്നതാണെങ്കില്‍ 11.57 ശതമാനം പേര്‍ കുറിപ്പടി ഇല്ലാതെയാണ് മരുന്ന് വാങ്ങുന്നത്.
രാജ്യത്ത് മരുന്നിനായി ഏറ്റവും കുറച്ച് പണം ചെലവഴിക്കുന്നത് ബീഹാറാണ്. ഇവിടെ ആളോഹരി മരുന്ന് ചെലവ് 298 രൂപ മാത്രമാണ്. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത് ഹിമാചല്‍പ്രദേശ്, ബംഗാള്‍, ഹരിയാന, പഞ്ചാബ്, യു.പി, കേരളം എന്നിവയാണ്. കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ആസം, ഉത്തരാഖണ്ഡ്, ബീഹാര്‍, തമിഴ്‌നാട്, കര്‍ണാടകം എന്നിവയാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗികളും ഡയബെറ്റിക്ക് രോഗികളും ഉള്ള സംസ്ഥാനവും കേരളമാണ് എന്നാണ് പറയപ്പെടുന്നത്. മരുന്ന് കമ്പനികളുടെ അക്ഷയ പാത്രം കൂടിയാണ് നമ്മുടെ കൊച്ചു കേരളം.
കേരളം – 2567 രൂപ
ഹിമാചല്‍ പ്രദേശ് – 1700 രൂപ
ബംഗാള്‍ – 1499 രൂപ
ആന്ധ്രപ്രദേശ് – 1488 രൂപ
യുപി – 1118 രൂപ
പഞ്ചാബ് – 1224 രൂപ
ഗുജറാത്ത് – 590 രൂപ
കര്‍ണാടകം -510 രൂപ
ഉത്തരാഖണ്ഡ് – 411 രൂപ
ഛത്തീസ്ഗഡ് – 401 രൂപ
അസം – 386 രൂപ
ബിഹാര്‍ – 298 രൂപ