കൊല്ലത്ത് അയല്‍വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി ; 6 പേര്‍ക്ക് പരുക്ക്
കൊല്ലം അഷ്ടമുടി വടക്കേക്കരയില്‍ അയല്‍വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ വടക്കേക്കര വലിയവിള ഭാഗത്തായിരുന്നു സംഭവം. വലിയവിള വീട്ടില്‍ ആന്റണി (49), മക്കളായ അബി (24), ബന്ധു യോശുദാസന് (47) എന്നിവര്‍ക്കും മറുവീട്ടിലെ സുധീര്‍ (42), ഹസീര്‍ (32) ബന്ധു അഷ്‌കര്‍ (21) എന്നിവര്‍ക്കും പരുക്കേറ്റു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് രണ്ട് വീട്ടുകാരുടെയും കുട്ടികള്‍ തമ്മില്‍ കഴിഞ്ഞ പെരുന്നാള്‍ ദിവസത്തില്‍ തര്‍ക്കമുണ്ടായിരുന്നു.
അന്ന് പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ബാക്കിയെന്ന തരത്തില്‍ ഇന്നലെ ഇരു വീട്ടുകാരും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രണ്ട് കുടുംബങ്ങളിലെയും 16 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അഞ്ചാലുംമൂട് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ കൊല്ലം ജില്ലാആശുപത്രിയിലും മതിലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.