ചോരക്കളമായി റോഡുകള്‍ ; സംസ്ഥാനത്ത് 11 വാഹനാപകടങ്ങളിലായി 11 പേര്‍ മരിച്ചു ; 33 പേര്‍ക്ക് പരിക്ക്
കേരളത്തിലെ റോഡുകളിലെ രക്ത ചൊരിച്ചില്‍ മാറുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 11 വാഹനാപകടങ്ങളിലായി 11 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ഉള്ള്യേരിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കോട്ടയം കടുത്തുരുത്തിയില്‍ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് അധ്യാപകന്‍ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. വര്‍ക്കലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മാവേലിക്കരയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറത്ത് കല്യാണവീട്ടില്‍ പോകാന്‍ അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ കയറുന്നതിനിടെ കാറിടിച്ച് ആറുവയസുകാരി മരിച്ചു.
തിരുവനന്തപുരം വര്‍ക്കല നടയറ തൊടുവെ റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണന്‍ (22) , ചിലക്കൂര്‍ സ്വദേശി സെയ്ദലി (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. എതിര്‍ദിശയില്‍ അമിതവേഗതയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആണ് അപകടം. ഹരികൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ബൈക്കും സെയ്ദലി – മുഹമ്മദലി എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും ആണ് കൂട്ടി ഇടിച്ചു അപകടം ഉണ്ടായത്. ഹരികൃഷ്ണന്‍ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ടിരുന്നു. സെയ്ദലിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മുഹമ്മദലി പരിക്കുകളോടെ രക്ഷപ്പെട്ടു.
കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അധ്യാപകനും യുവാവുമാണ് മരിച്ചത്. തലയോലപ്പറമ്പ് ചിരട്ടക്കടവ് കാര്‍ത്തിക വീട്ടില്‍ സി.കെ ഗോപിയുടെ (റിട്ട.ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍) മകന്‍ അനന്തു ഗോപി (28 ), സ്‌കൂട്ടര്‍ യാത്രക്കാരനായ മുട്ടുചിറ പേട്ടയില്‍ അമല്‍ ജോസഫ് (23) എന്നിവരാണ് മരിച്ചത്. കുറുപ്പന്തറ മാഞ്ഞൂര്‍ കണ്ടമലയില്‍ രഞ്ജിത്ത് രാജു, ഞീഴൂര്‍ തെക്കേമലയില്‍ ജോബി ജോസ് (23) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9.15 ഓടെ കടുത്തുരുത്തി – കുറവിലങ്ങാട് റോഡില്‍ പാലാകര ഭാഗത്തായിരുന്നു അപകടം.
മാവേലിക്കരയ്ക്ക് സമീപം കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തിലാണ് രണ്ടുപേര്‍ മരിച്ചത്. കുറത്തികാട് പൊന്നേഴ സോപാനം ജിതിന്‍ രാജ് (32), പൊന്നേഴ മുണ്ടകത്തില്‍ മുകേഷ് ഭവനം മുരളിയുടെ മകന്‍ മുകേഷ് (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ ഓലകെട്ടിയമ്പലം ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. ജിതിന്റെ സഹോദരി ജിജിരാജിന്റെ ഭര്‍ത്താവാണ് മരിച്ച മുകേഷ്. എതിര്‍ദിശയിലെത്തിയ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു
മലപ്പുറത്ത് കല്യാണ വീട്ടിലേക്ക് പോകാന്‍ അമ്മയോടൊപ്പം ഓട്ടോയില്‍ കയറവെ ആറു വയസുകാരി കാറിടിച്ച് മരിച്ചു. കുന്നുംപുറം ഇകെ പടിയിലെ നെല്ലിക്കാപ്പറമ്പില്‍ അഭിലാഷിന്റെ മകള്‍ അക്ഷര (ആറ്) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കുന്നുംപുറം -വേങ്ങര റൂട്ടില്‍ ഇ കെ പടി ഓഡിറ്റോറിയത്തിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്. വിവാഹച്ചടങ്ങിന് പോകാന്‍ അമ്മക്കൊപ്പം ഓട്ടോയില്‍ കയറുന്നതിനിടെ അമിതവേഗതയില്‍ കുന്നുംപുറത്തു ഭാഗത്തു നിന്ന് വന്ന കാര്‍ അക്ഷരയെ ഇടിക്കുകയായിരുന്നു. കാറിടിച്ച് അക്ഷരയുടെ അമ്മയുടെ സഹോദരിപുത്രി അഭിരാമി (13)ക്കും പരിക്കേറ്റു. ഇരുവരേയും കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുറ്റൂര്‍ നോര്‍ത്ത് എംഎച്ച്എം എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അക്ഷര. അമ്മ: സരിത. സഹോദരന്‍: അശ്വരാഗ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി.
ഉള്ളിയേരി ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. കാവിലുംപാറ പീടികയുള്ളതില്‍ ബിപിന്‍ സുരേഷ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ കൊയിലാണ്ടി മൊയ്യമ്പത്ത് വിന്‍രൂപ് (28) തല്‍ക്ഷണം മരിച്ചിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മരിച്ച രണ്ട് പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. അപകടത്തില്‍ ബൈക്കും കാറും പൂര്‍ണ്ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശികളായ ഉവൈസ്, അസ്ലം, ഗഫാന്‍ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാര്‍ നിയന്ത്രണം വിട്ട് മതിലിടിച്ചതിനു ശേഷം സ്‌കൂട്ടറിലിടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നാട്ടുകാരും, അത്തോളി പൊലീസും കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിരുവനന്തപുരത്ത് അമിത വേഗതയില്‍ എത്തിയ കാര്‍ എതിര്‍ ദിശയില്‍ വന്ന ഇരുചക്രവാഹനത്തില്‍ ഇടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. മറ്റൊരു മകന് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങലിന് സമീപം നഗരൂരില്‍ ശനിയാഴ്ച രാത്രി 8.15ഓടെയാണ് അപകടം നടന്നത്. കല്ലിംഗല്‍ കരിക്കകത്ത് വീട്ടില്‍ പ്രദീപ് എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ (45), മകന്‍ ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ ശ്രീഹരി (15) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. നഗരൂര്‍ ഭാഗത്തു നിന്ന് കല്ലിംഗലുള്ള വീട്ടിലേയ്ക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അച്ഛനെയും രണ്ട് മക്കളെയും കിളിമാനൂര്‍ ഭാഗത്തുനിന്ന് അമിത വേഗതയില്‍ വന്ന ഫോര്‍ച്യൂണര്‍ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കോട്ടയം മുട്ടുചിറ പട്ടാളമുക്കില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. കോട്ടയത്തുനിന്ന് വരികയായിരുന്ന ആവേ മരിയ ബസ് പിറവത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ഗുഡ് വില്‍ ബസുമായാണ് കൂട്ടിയിടിച്ചത്. ഇന്നുച്ചയ്ക്ക് ഒന്നേമുക്കാലോടെ ആയിരുന്നു അപകടം. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പെരുമ്പാവൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. പെരുമ്പാവൂര്‍ എംസി റോഡില്‍ കീഴില്ലം ഷാപ്പുംപടിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരന്ന KL-25 P 8577 TATA Altroz എന്ന കാര്‍ KL-40 G 4296 പള്‍സര്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് കാറിലെ തീ അണച്ചത്. അപകടത്തെ തുടര്‍ന്ന് കാറില്‍ നിന്നും ഓയില്‍ ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണം. കാറിലെ 4 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കാറിനാണ് തീപിടിച്ചത്. അതേസമയം, കാലിന് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ അജിത്തിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മുള്ളൂര്‍ക്കരയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക് പറ്റി. റോഡില്‍ വീണ ബൈക്കുകാരനെ കണ്ട് പിന്നില്‍ വന്ന ബൈക്ക് യാത്രികന്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പിന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. രണ്ട് ബൈക്കുകളെയും ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു.
തിരൂര്‍ നടുവില്‍ അങ്ങാടിയില്‍ തിങ്കളാഴ്ച രാവിലെ വിവിധ സമയങ്ങളിലായി നിയന്ത്രണം വിട്ട് രണ്ട് ലോറിക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ നാലുമണിയോടെ ആദ്യ അപകടം നടന്നത്. കൊയിലാണ്ടിയില്‍ നിന്ന് മത്സ്യം കയറ്റി കുന്നംകുളത്തേക്ക് പോവുകയായിരുന്ന ഇന്‍സുലേറ്റ് ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ലോറിയുടെ ടയര്‍ പൊട്ടുകയും തുടര്‍ന്നും കൈവരി ഇടിച്ച് തകര്‍ത്ത് സമീപത്തെ ഒരു കടയുടെ മുമ്പില്‍ നില്‍ക്കുകയായിരുന്നു അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ അപകടം നടന്ന് വെറും രണ്ട് മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ അപകടം ഈ വളവില്‍ ഇന്ന് രാവിലെ ആറരയോടെയാണ് സംഭവിച്ചിച്ചത്. കോഴിക്കോട് ഭാഗത്തു നിന്ന് ചരക്കുമായി തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു ലോറിയാണ് അപകടത്തില്‍ പെട്ടത്. മഴയില്‍ നിയന്ത്രണം വിട്ട ലോറി വളവിന്റെ മധ്യഭാഗത്ത് മറയുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി ലോറിയില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.ഇതോടെ ഈ പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു.പിന്നീട് ലോറി റോഡില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചത്.
കോഴിക്കോട് കൊടുവള്ളിയില്‍ കാറിനു പിന്നില്‍ ഇടിച്ച ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിന് അടിയില്‍ അകപ്പെട്ടു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ദേശീയപാതയില്‍ കൊടുവള്ളി ബസ്റ്റാന്‍ഡിനു മുന്നിലായിരുന്നു അപകടം. കൊടുവള്ളി തലപെരുമണ്ണ സ്വദേശി സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്നിലുണ്ടായിരുന്ന കാറിന് പിന്നില്‍ ഇടിച്ച ശേഷം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ അകപ്പെടുകയായിരുന്നു. ബൈക്കും യാത്രക്കാരനും ബസ്സിന്റെ ചക്രത്തിന് സമീപം വരെ എത്തിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഏറെ പാടുപെട്ടാണ് ഇയാളേയും ബൈക്കും ബസ്സിനടിയില്‍ നിന്ന് പുറത്തെടുത്തത്.