41 വയസ്സിനിടയില്‍ 44 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അത്ഭുത സ്ത്രീ
കേള്‍ക്കുമ്പോള്‍ അത്ഭുതം എന്ന് തോന്നുമെങ്കിലും സത്യമാണ്. ഉഗാണ്ടയില്‍ ഉള്ള മറിയം നബാതന്‍സി സ്ത്രീയാണ് ഇത്രയും പ്രസവം നടത്തിയത്. ‘മാമ ഉഗാണ്ട’ എന്ന പേരിലാണ് ഇവരെ ലോകം അറിയുന്നത്. ലോകത്തെ പ്രത്യുല്‍പാദന ശേഷി കൂടിയ വനിതകളില്‍ ഒരാളാണ് മറിയം. 41 വയസ്സിനിടയില്‍ 44 കുഞ്ഞുങ്ങള്‍ക്കാണ് അവര്‍ ജന്മം നല്‍കിയത്. ആദ്യം അമ്മയാകുന്നത് 13-ാം വയസ്സില്‍. അതും മൂന്നു കുഞ്ഞുങ്ങളുടെ. പിന്നീട് തുടര്‍ച്ചയായ പ്രസവം തന്നെയായിരുന്നു. അഞ്ചു തവണ നാല് വീതം കുഞ്ഞുങ്ങള്‍ക്കും അത്രയും തവണ മൂന്നു വീതം കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കി. നാലു തവണ ഇരട്ട കുഞ്ഞുങ്ങളുണ്ടായി. അവസാനത്തെ പ്രസവത്തില്‍ മാത്രമാണ് ഒരു കുഞ്ഞു മാത്രമായി ജനിച്ചത്.
36-ാം വയസിലായിരുന്നു അവസാന പ്രസവം. ഇപ്പോള്‍ വയസ് 41-ല്‍ എത്തി. ഇതിനിടയില്‍ മുതിര്‍ന്ന മക്കളിലൂടെ പേരമക്കളും മറിയത്തിനുണ്ടായി. മെഡിക്കല്‍ സയന്‍സിലെ അപൂര്‍വമായ ഒരു അവസ്ഥയിലൂടെയാണ് മറിയം കടന്നുപോയത്. ഹൈപ്പര്‍ ഓവുലേഷന്‍ എന്നാണ് ഈ അവസ്ഥയുടെ പേര്. ഒരു സ്ത്രീയുടെ അണ്ഡോല്‍പാദന വേളയില്‍ സാധാരണയായി ഒരു അണ്ഡം മാത്രമേ വിക്ഷേപിക്കപ്പെടുന്നുള്ളു. എന്നാല്‍ മറിയത്തിന് അത് നാലും മൂന്നും രണ്ടുമൊക്കെയാണ്. 18-ാം വയസില്‍ 18 കുട്ടികള്‍ ആയപ്പോള്‍ പ്രസവം നിര്‍ത്തുന്നതിനെ കുറിച്ച് മറിയം ആലോചിച്ചിരുന്നു. തുടര്‍ന്ന് ആറുമാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. അസാധാരണമായ രീതിയില്‍ അണ്ഡോല്‍പാദനം നടക്കുന്നതിനാല്‍ താന്‍ പ്രസവിച്ചില്ലെങ്കില്‍ ട്യൂമറിന് സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ ആ ശ്രമം ഉപേക്ഷിച്ചെന്നും റോയിറ്റേ്‌ഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മറിയം പറയുന്നു.