മുസ്ലിം പെണ്‍കുട്ടി ഋതുമതിയെങ്കില്‍ കല്യാണം കേസാകില്ല ; പോക്‌സോയും ബാധകമല്ല : കോടതി

മുസ്ലിം വ്യക്തി നിയമ പ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയായില്ലെങ്കിലും പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാവുന്നതാണെന്നും വിവാഹത്തിന് രക്ഷകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. ഇത്തരം വിവാഹം കഴിച്ച പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അതുകൊണ്ടുതന്നെ ഇങ്ങനെ നടക്കുന്ന വിവാഹങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസ് എടുക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിശദമാക്കി.

മാതാപിതാക്കളുടെ എതിര്‍പ്പ് നോക്കാതെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബിഹാറില്‍ മുസ്ലിം പെണ്‍കുട്ടി വിവാഹിതയായതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായെത്തിയ കേസിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഈ നിരീക്ഷണം നടത്തിയത്. 25 വയസുള്ള പുരുഷന്‍ , 15 കാരിയായ മകളെ വിവാഹം കഴിച്ചത് മാതാപിതാക്കള്‍ക്ക് ഇഷ്ടപ്പെടാത്തതാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഭര്‍ത്താവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതോടെ പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്ത പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഇതിനെതിരെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച കോടതി പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കില്‍ പോലും ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് മുഹമ്മദന്‍ നിയമം അനുസരിച്ച് വിവാഹം കഴിക്കാവുന്നതാണെന്ന് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ പോക്‌സോ പ്രകാരം കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മുന്‍ വിധികളടക്കം ചൂണ്ടികാട്ടിയായിരുന്നു കോടതിയുടെ ഇടപെടല്‍. മുഹമ്മദന്‍ നിയമം അനുസരിച്ച് , പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും അവള്‍ക്ക് 18 വയസ്സിന് താഴെയുള്ളപ്പോള്‍ പോലും ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തി ആയോ എന്നത് ഇത്തരം കേസുകളില്‍ ബാധകമല്ലെന്നും കോടതി ചൂണ്ടികാട്ടി. പെണ്‍കുട്ടി വിവാഹത്തിന് സ്വന്തം ഇഷ്ടപ്രകാരം തയ്യാറാണെങ്കില്‍ ദമ്പതികളെ വേര്‍പെടുത്താന്‍ ഭരണകൂടത്തിനോ പൊലീസിനോ എന്നല്ല ആര്‍ക്കും അവകാശമില്ലെന്നും ജസ്റ്റിസ് സിംഗ് പറഞ്ഞു.

വിവാഹ ശേഷമുള്ള ലൈംഗീക ബന്ധത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭര്‍ത്താവിനെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഈ കേസില്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുസ്സീം നിയമപ്രകാരവും പതിനെട്ട് വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. എന്നാല്‍ ഈ കേസില്‍ സാഹചര്യം വൃത്യാസമുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. വിവാഹശേഷമാണ് ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന് കോടതിയുടെ വിമര്‍ശനവും നേരിടേണ്ടിവന്നു. പെണ്‍കുട്ടിക്ക് സ്വന്തം കുടുംബത്ത് നിന്ന് നല്ല അനുഭവമല്ല ഉണ്ടായത്. അതിനാലാണ് സ്‌നേഹിച്ച യുവാവിനൊപ്പം പോയതെന്നും കോടതി ചൂണ്ടികാട്ടി.

നിലവില്‍ ഭര്‍ത്താവിനൊപ്പം സന്തോഷത്തോടെയാണ് പെണ്‍കുട്ടി കഴിയുന്നത് ഇരുവരെയും തമ്മില്‍ പിരിക്കുന്നതാണ് വലിയ ആഘാതമാകും പെണ്‍കുട്ടിയില്‍ സൃഷ്ടിക്കുന്നതെന്നും കോടതി നീരീക്ഷിച്ചു. അതിനാല്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവിനും സുരക്ഷ ഒരുക്കാനും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് ഉത്തരവ്. ഇത്തരം കേസുകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ) ബാധകമാകുമെന്ന വാദങ്ങള്‍ നിരസിച്ച കോടതി, കുട്ടികള്‍ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. ”ഇത് സാധാരണ നിയമമല്ല, എന്നാല്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം,” കോടതി പറഞ്ഞു.

”ഹരജിക്കാര്‍ പരസ്പരം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുകയാണെന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. വിവാഹത്തിന് മുമ്പ് അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സ്ഥിരീകരണമില്ല. വാസ്തവത്തില്‍, 2022 മാര്‍ച്ച് 11 ന് അവര്‍ വിവാഹിതരായി, അതിനുശേഷം ശാരീരിക ബന്ധം പുലര്‍ത്തി എന്ന വസ്തുതയാണ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, ”കോടതി പറഞ്ഞു. നിയമപരമായി വിവാഹിതരായതിനാല്‍ ഹര്‍ജിക്കാര്‍ പരസ്പരം ഒരുമിച്ച് ജീവിക്കുന്നത് നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അവരെ വേര്‍പെടുത്തുന്നത് പെണ്‍കുട്ടിക്കും അവളുടെ ഗര്‍ഭസ്ഥ ശിശുവിനും കൂടുതല്‍ ആഘാതമേ ഉണ്ടാക്കൂവെന്നും ഹര്‍ജിക്കാരന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതില്‍ പറയുന്നു. ”ഹരജിക്കാരന്‍ വിവാഹത്തിന് മനഃപൂര്‍വം സമ്മതം നല്‍കി സന്തോഷവാനാണെങ്കില്‍, ഹര്‍ജിക്കാരന്റെ സ്വകാര്യ ഇടത്തില്‍ പ്രവേശിച്ച് ദമ്പതികളെ വേര്‍പെടുത്താന്‍ അധികൃതര്‍ ആരുമല്ല. അങ്ങനെ ചെയ്യുന്നത് സ്വകാര്യ ഇടം അധികൃതര്‍ കയ്യേറുന്നതിന് തുല്യമായിരിക്കും,” കോടതി പറഞ്ഞു.