അതൃപ്തി എങ്ങനെ നമ്മുടെ ആരോഗ്യത്തെ ബാധിക്കും?

ആന്റെണി പുത്തന്‍പുരയ്ക്കല്‍

ജീവിതം നമുക്ക് പലപ്പോഴും ആയസകരമാണ്. നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും മംഗളകരമായി സംഭവിക്കണമെന്നില്ല. ഈ ജീവിതം അസംതൃപ്മാക്കുന്ന ധാരാളം അവസരങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍, വേദനാജനകവും പ്രയാസകരവുമായ സാഹചര്യങ്ങള്‍ക്കിടയിലും എങ്ങനെ നമുക്ക് സംതൃപ്തമായ ഹൃദയത്തൊടെ ജീവിക്കാനാകും? ഇതൊരു തിരഞ്ഞെടുപ്പാണ്.

നമ്മില്‍ പലരും പരാതിപ്പെടുന്ന സ്വഭാവമുള്ളവരായിരിക്കും. അല്ലെങ്കില്‍ ഇത്തരക്കാരായ സുഹൃത്തുക്കള്‍ നമുക്കുണ്ടായിരിക്കും. ഒരു ശരാശരി വ്യക്തി ഒരു ദിവസം ഏറ്റവും ചുരുങ്ങിയത് പതിനഞ്ചു മുതല്‍ മുപ്പതു തവണ വരെ പരാതി പറയുന്നവരാണെന്നു കരുതപ്പെടുന്നു. നമ്മുടെ ജനസംഖ്യയില്‍, ഒരു നല്ല ശതമാനം ആളുകള്‍ എപ്പോഴും പരാതിപ്പെടുന്ന സ്വഭാവമുള്ളവരാണ്. പരാതിപ്പെടുന്ന സ്വഭാവം പ്രധാനമായും രണ്ടു വിധത്തിലാണ് പ്രകടിപ്പിക്കപ്പെടുക. ഒന്നാമത്തെ കൂട്ടരില്‍ അതൃപ്തി മനസ്സില്‍ മാത്രം നിലകൊള്ളുമ്പോള്‍, രണ്ടാമത്തെവരിലാകട്ടെ മനസ്സിലെ നിഷേധാത്മക വികാരങ്ങള്‍ വാക്കുകളിലൂടെ പ്രകടിതമാകുന്നു. ഇവ രണ്ടും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

പരാതിയെ അതൃപ്തി അല്ലെങ്കില്‍ നീരസം പ്രകടിപ്പിക്കല്‍ എന്ന് വിളിക്കാം. ഇത് നമ്മള്‍ കരുതുന്നതുപോലെ ചിന്തയുടെ വെറുമൊരു ‘വഴി മാറല്‍’ മാത്രമല്ല. യഥാര്‍ത്ഥത്തില്‍, അസംതൃപ്തമായ മനസ്സ് നമ്മുടെ തലച്ചോറിലും സന്തോഷത്തിലും ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

അതൃപ്തി നമ്മുടെ തന്നെ മാനസിക സ്വസ്ഥതയ്ക്കും ചുറ്റുമുള്ളവരുടെ മാനസിക സുഖത്തിനും ഒരുപോലെ ദോഷകരമാണെന്ന് അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

പരാതി നമ്മുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നുവെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷണങ്ങള്‍ വിവരിക്കുന്നു. അതൃപ്തി നമ്മുടെ ഹിപ്പോകാമ്പസിന്റെ വലിപ്പം കുറയ്ക്കുകയും ഓര്‍മ്മശക്തിയെയും പ്രശ്നപരിഹാര കഴിവിനെയും ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നുളളതാണ് ഈ കണ്ടെത്തലുകളുടെ കാതല്‍. ഒരു ദിവസം ശരാശരി 30 മിനിറ്റിലധികം ആരുടെയെങ്കിലും പരാതി കേള്‍ക്കുകയോ, പരാതി പറയുകയോ ചെയ്യുന്നത് നമ്മുടെ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

പൊതുവേ, പരാതിപ്പെടുന്ന മനുഷ്യരുടെ മസ്തിഷ്‌കത്തിലെ നാഢീകോശങ്ങളുടെ (neuron) കൊതുമ്പുലും വികാസവും മന്ദഗതിയില്‍ ആകുകയും കോശങ്ങള്‍ തമ്മിലുള്ള വാര്‍ത്തവിനിമയം തടസ്സപ്പെടുകയും ചെയ്യും. അതൃപ്തി നിറഞ്ഞ മനസ്സ് ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ തലച്ചോറിനെ കഠിനമായ പ്രവര്‍ത്തനത്തിലേയ്ക്ക് തള്ളിവിടുകയും ചെയ്യാറുണ്ട്. ഇതുകൂടാതെ, ആവര്‍ത്തിച്ചുള്ള പരാതിപ്പെടല്‍ മൂലം ഉണ്ടാകുന്ന നിഷേധാത്മകമായ ചിന്തകള്‍ നാഡികോശസന്ധികളുടെ (synapse) കൂട്ടായ നാശത്തിനും കാരണമാക്കും.

നമ്മുടെ തലച്ചോറിനുള്ളില്‍ അനേകം നാഡികോശസന്ധികളുടെ വൃന്ദങ്ങള്‍ (constellation) ഉണ്ട്. നമ്മില്‍ ഒരു ചിന്ത ഉണ്ടാകുമ്പോള്‍, ഒരോ നാഡികോശസന്ധിയും മറ്റൊരു നാഡികോശസന്ധിയുമായി നാഡികോശസന്ധി വിദരത്തിലുടെ സന്ദേശങ്ങള്‍ അയയ്ക്കുന്നു. ഇതൊരു രാസപ്രവര്‍ത്തനമാണ്. ഈ രാസ പ്രവര്‍ത്തനം വൈദ്യുതി സൂചകങ്ങള്‍ സഞ്ചരിക്കാന്‍ കഴിയുന്ന ‘പാലങ്ങള്‍’ നാഡികോശസന്ധികളില്‍ നിര്‍മ്മിക്കും. ഈ വൈദ്യുതി സൂചകങ്ങള്‍ അവയുടെ ചാര്‍ജിനൊപ്പം നമ്മുടെ ചിന്തകളുടെ എല്ലാ അനുസ്വനങ്ങളും മസ്തിഷ്‌ക്കത്തിന്റെ മറ്റിതര ഭാഗങ്ങളിലേക്ക് എത്തിച്ചു കൊടുക്കും.

ഓരോ തവണയും ഈ വൈദ്യുതി ചാര്‍ജ് ഊര്‍ജ്ജസ്വലമാകുമ്പോള്‍, വൈദ്യുതി ചാര്‍ജ് കടന്നുപോകേണ്ട ദൂരം കുറയ്ക്കുന്നതിന് നാഡികോശസന്ധികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. മസ്തിഷ്‌കം സ്വന്തം സഞ്ചാരപഥം പുനഃനിര്‍മ്മിക്കുമ്പോള്‍, എളുപ്പമുള്ളതും ദൂരം കുറഞ്ഞതുമായ നാഡികോശസന്ധികള്‍ ഉണ്ടാകാനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. നാഡികോശസന്ധികള്‍ രാസ സന്ധികളിലൂടെ സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ നമ്മുടെ ചിന്തകള്‍ ഋജുവും വേഗതയേറിയതുമാകുന്നു.

നാഡികോശസന്ധികള്‍ തമ്മിലുള്ള ദൂരം കുറയുന്തോറും ഭാവാത്മക ചിന്തകള്‍ നിഷേധാത്മക ചിന്തകളേക്കാള്‍ കൂടുതല്‍ തവണ കൈമാറ്റം ചെയ്യപ്പെടും. നിഷേധാത്മക ചിന്തകള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ നാഡികോശസന്ധികളുടെ ദൂരവും കൂടി വരുന്നതുകൊണ്ട് മസ്തിഷ്‌കത്തിന് കൂടുതല്‍ ജോലിഭാരം ഉണ്ടാകും. മറ്റൊന്ന്, നമ്മില്‍ ഒരു ചിന്ത ജനിച്ചു കഴിഞ്ഞാല്‍, ആ ചിന്ത വീണ്ടും പുനര്‍ ജനിപ്പിക്കാന്‍ നമുക്ക് വളരെ എളുപ്പമാണ്. നമുക്ക് നിഷേധാത്മക ചിന്തകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്തോറും, നമ്മുടെ ദൈനംദിന ജീവിതത്തെയും നമ്മുടെ ബന്ധങ്ങളെയും ഇത് ദോഷകരമായി ബാധിക്കും.

നമ്മള്‍ ആരുമായി ഇടപഴകുന്നു എന്നതും നമ്മുടെ മസ്തിഷ്‌കത്തിലും പെരുമാറ്റത്തിലും വ്യത്യാസം ഉണ്ടാക്കും. പതിവായി പരാതിപ്പെടുന്ന ആളുകളുമായി ഇടപഴകുന്നത് സ്വയം പരാതിപ്പെടുന്നത് പോലെ തന്നെ നമുക്ക് അപകടമേറിയതാണ്. കാരണം, മറ്റുള്ളവരുടെ അസംതൃപ്തി അല്ലെങ്കില്‍ പരാതി പതിവായി ശ്രദ്ധിക്കുന്ന നമ്മുടെ മസ്തിഷ്‌കവും അതേ രീതിയില്‍ തന്നെ പുനഃക്രമീകരിക്കപ്പെടും. മറ്റുള്ളവര്‍ എന്താണ് ചിന്തിക്കുന്നത്, അനുഭവിക്കുന്നത് എന്നിവയെക്കുറിച്ച് സങ്കല്‍പ്പിക്കാനും വ്യത്യാസങ്ങള്‍ വരുത്തുവാനും നമ്മുടെ മസ്തിഷ്‌കവും തയ്യാറാകുന്നു. ഉദാഹരണത്തിന്, ആരെങ്കിലും ദേഷ്യമോ, സങ്കടമോ അസംതൃപ്തിയോ അനുഭവിക്കുന്നതായി കാണുമ്പോള്‍, അവര്‍ അനുഭവിക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വര്‍ദ്ധിപ്പിക്കാന്‍ നമ്മുടെ മസ്തിഷ്‌കവും ശ്രമിക്കും. ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകുന്ന നമ്മുടെ സുഹൃത്തുക്കളെ ഉപേക്ഷിക്കണമെന്ന് ഇതിനര്‍ത്ഥമില്ല. മറിച്ച്, അതൃപ്തി പകര്‍ച്ചവ്യാധിയാണെന്ന് അറിഞ്ഞുകൊണ്ട്, പരാതിപ്പെടുന്നവരില്‍ കൂടുതല്‍ ആത്മവിശ്വാസവും ഭാവാത്മകത്വത്തിന്റെ ഊര്‍ജ്ജുവും വളര്‍ത്താന്‍ നാം ശ്രമിക്കണം.

പരാതിപ്പെടുന്ന സ്വഭാവം നമ്മുടെ മസ്തിഷ്‌കത്തിന് അമിതമായ ജോലിഭാരം മാത്രമല്ല നല്‍കുന്നത്, ഇതു നമ്മുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. ഓരോ പ്രാവശ്യവും നമ്മള്‍ പരാതിപ്പെടുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ നമ്മുടെ ശരീരത്തില്‍ ക്രമാതീതമായി ഉല്പാദിപ്പിക്കപ്പെടുന്നു. നമ്മള്‍ ഇപ്പോള്‍ ഒരു അപകടസ്ഥിതിയിലാണെന്നുളള സൂചനയാണ് ഇതു വഴി നമ്മുടെ മസ്തിഷ്‌കം ശരീരത്തിന് കൈമാറുന്ന സന്ദേശം. ഈ നില സജീവമായി തുടര്‍ന്നാല്‍, നമ്മുടെ മസ്തിഷ്‌കം രക്തം, പ്രാണവായു, വേഗത്തില്‍ രക്ഷപ്പെടാനുള്ള ഊര്‍ജ്ജം എന്നിവയെ അനിവാര്യമല്ലാത്ത പഥാവിലൂടെ തിരിച്ചുവിടും. ഇത് ഹൃദ്രോഗം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പ്രമേഹം, അമിതഭാരം, മസ്തിഷ്‌കാഘാതം എന്നിവ സംഭവിക്കാനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആര്‍ക്കൈവ്സ് ഓഫ് ജനറല്‍ സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ശുഭാപ്തിവിശ്വാസികള്‍ ശരാശരി അശുഭാപ്തിവിശ്വാസികളേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് കണ്ടെത്തി. ശുഭാപ്തിവിശ്വാസികള്‍ക്ക് എല്ലാ കാരണങ്ങളാലും മരണസാധ്യത 55% കുറവാണെന്നും ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 23% കുറവാണെന്നും കണ്ടെത്തി.

നമ്മള്‍ പരാതിപ്പെടുന്നതിന് മുമ്പ്, നമുക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്. തീര്‍ച്ചയായും ജീവിത സാഹചര്യങ്ങളും സംഭവങ്ങളും അനുഭവങ്ങളും മോശമായേക്കാം. എന്നാല്‍ ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നമുക്ക് എങ്ങനെ മെച്ചപ്പെടുത്താനും വളര്‍ത്താനും മികച്ച വ്യക്തികളാകാനും കഴിയുമെന്നതിനെക്കുറിച്ച് പഠിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുളളതാണ് നമ്മുടെ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും സുപ്രധാനമായ മാര്‍ഗ്ഗം അവധാനപൂര്‍വ്വ ജീവിതമാണ്. നമ്മെ സന്തോഷത്തിലേക്ക് അടുപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നമുക്ക് ഓരോ നിമിഷവും ശ്രദ്ധാപൂര്‍വ്വം ജീവിക്കാം.