സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ ആള്‍ അറസ്റ്റില്‍
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ പഞ്ചാബ് സ്വദേശി അറസ്റ്റില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കുന്ന സച്ചിന്‍ ദാസിനെ അമൃത്സറില്‍ നിന്നാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ബാബാ സാഹിബ് അംബേക്കര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ സ്വപ്നക്ക് വ്യാജമായി ഉണ്ടാക്കി നല്‍കിയത്. സ്വര്‍ണ കടത്തുകേസില്‍ പ്രതിയായതോടെയാണ് സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി തേടിയതടക്കമുള്ള പല വിവരങ്ങളും പുറത്തുവന്നത്. സ്വപ്ന സുരഷ് ചെങ്ങന്നൂരിലെ ഒരു സുഹൃത്ത് മുഖേനയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അമൃതസര്‍ കേന്ദ്രീകരിച്ച വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്ന സച്ചിന്‍ദാസ് പത്രത്തില്‍ ഒരു പരസ്യം നല്‍കിയിരുന്നു. വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്കസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരസ്യം. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടാക്കുന്നതിന് സ്വപ്ന പലരുടെയും സഹായം തേടിയിരുന്നു. ഈ പരസ്യം ശ്രദ്ധിച്ച ചെങ്ങന്നൂരിലിലെ പാരല്‍ കോളജ് അധ്യാപകനായ സ്വപ്നയുടെ സുഹൃത്താണ് സച്ചിന്‍ദാസിനെ വിളിക്കുന്നത്. തുടര്‍ന്ന് സച്ചിന്‍ദാസിന് സ്വപ്ന ഒരു ലക്ഷം രൂപ കൈമാറി. 2014 ലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് സ്വപ്ന സ്വന്തമാക്കിയതെന്നാണ് പൊലീസ് പറയുന്നത്. അമൃതസറില്‍ നിന്നും സച്ചിന്‍ദാസിനെ പിടികൂടുമ്പോള്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റകളും പൊലിസിന് ലഭിച്ചു. വ്യാഴാഴ്ച പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും. ഈ കേസില്‍ സ്വപ്ന സുരേഷിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതോടെ കേസില്‍ രണ്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. സ്വപ്നയെ അഭിമുഖം നടത്തി തെരഞ്ഞെടുത്ത പിഡ്ബ്ല്യുസി, വിഷന്‍ ടെക് എന്നീ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളാണ് കേസിലെ മറ്റു പ്രതികള്‍.