അമ്മച്ചിക്കൊപ്പമുള്ള ആ ‘അവസാന ചിരി’ ; പരിഹസിക്കുന്നവര്‍ക്ക് അറിയാത്ത കാര്യങ്ങള്‍

മല്ലപ്പള്ളി പനവേലില്‍ വീട്ടില്‍ മറിയാമ്മ എന്ന 95 കാരിയുടെ മരണശേഷം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് എടുത്ത ഒരു ചിത്രത്തെ ചൊല്ലി ആണ് ഇപ്പോള്‍ മലയാളികള്‍ക്ക് ഇടയില്‍ സംസാരം. ‘ വൃദ്ധ മാതാവിന്റെ മരണത്തില്‍ സന്തോഷിക്കുന്നവര്‍ ‘ എന്നു വരെ പറഞ്ഞാണ് നവമാധ്യമങ്ങളിലെ പരിഹാസം. വളരെ മോശമായ ഭാഷയില്‍ വിമര്‍ശിച്ചവര്‍ ആണ് ഏറെ. സ്വന്തം മാതാപിതാക്കള്‍ക്ക് ഒരു ചായ കാശ് പോലും കൊടുക്കാത്തവര്‍ ആണ് ചിരിച്ചു കൊണ്ട് ചിത്രത്തിന് പോസ്സ് ചെയ്തവരെ കളിയാക്കിയവരില്‍ മുന്നില്‍ എന്ന് ഉറപ്പാണ്. എന്നാല്‍ നവ മാധ്യമങ്ങളിലെ വിമര്‍ശനങ്ങളെ അവഗണിക്കുകയാണ് പനവേലില്‍ കുടുംബാംഗങ്ങള്‍. മരിച്ച മറിയാമ്മയുടെ മകനും സി എസ് ഐ സഭയിലെ പുരോഹിതനുമായ ഡോ. ജോര്‍ജ് ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ.

‘ഒമ്പതു പതിറ്റാണ്ടു കാലത്തെ സാര്‍ഥകമായ ജീവിതം നയിച്ചയാളാണ് ഞങ്ങളുടെ അമ്മച്ചി. 9 മക്കളുണ്ട് അമ്മച്ചിക്ക്. അതില്‍ ഒരാള്‍ മരിച്ചു പോയി. ബാക്കി ഞങ്ങള്‍ എട്ടു പേരും എന്നും അമ്മച്ചിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. വയസ്സ് 94 ആയിട്ടും വളരെ ആക്ടീവ് ആയിരുന്നു അവസാന നാളുകള്‍ വരെയും അമ്മച്ചി. മരണത്തോട് അടുത്ത ദിവസങ്ങളിലാണ് തീരെ അവശയായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു മരണം. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടത്താനും നിശ്ചയിച്ചു. അങ്ങനെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അമ്മച്ചിയുടെ മൃതശരീരം സൂക്ഷിച്ചിരുന്ന മൊബൈല്‍ മോര്‍ച്ചറിക്കരികില്‍ ഞങ്ങള്‍ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്നത്. മക്കളും മരുമക്കളും ചെറുമക്കളും അവരുടെ മക്കളുമായുള്ള നാലു തലമുറ. അമ്മച്ചി ഞങ്ങള്‍ക്കൊപ്പമുള്ള അവസാന രാത്രിയില്‍ അമ്മച്ചിയെ കുറിച്ചുള്ള നല്ല ഓര്‍മകള്‍ പരസ്പരം പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. രസകരമായ ഓര്‍മകളും കൗതുകമുള്ള കാര്യങ്ങളും പലരും പറഞ്ഞു. അതിനിടയില്‍ ചിരി പൊട്ടി. ഞാനടക്കം പലരും അമ്മച്ചിയെ കുറിച്ചുള്ള ഓര്‍മകള്‍ പറഞ്ഞപ്പോള്‍ പല കുറി വിതുമ്പി. ഏതാണ്ട് നാലു മണിക്കൂറോളം നേരം ഞങ്ങളെല്ലാം അങ്ങിനെ അമ്മച്ചിയുടെ മൃതശരീരത്തിന് ചുററും ഇരുന്ന് അമ്മച്ചിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണി വരെ ആ സംഭാഷണം നീണ്ടു. അതിന്റെ ഒടുവിലാണ് അമ്മച്ചിക്കൊപ്പമുള്ള ആ അവസാന ദിനത്തിലെ ആ നിമിഷങ്ങള്‍ ഫോട്ടോ എടുത്ത് സൂക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.

ഞങ്ങള്‍ എല്ലാവരുടെയും ഉള്ളിലെ നൊമ്പരപ്പെടുത്തുന്ന ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ മുഹൂര്‍ത്തം അങ്ങിനെ നിങ്ങള്‍ കാണുന്ന ചിത്രമായി. അതിലെ ചിരി ഒരിക്കലും കള്ളമല്ല. എന്തെങ്കിലും ഒക്കെ പറഞ്ഞ് ആ ചിരിയെ നിഷേധിക്കാനും ഞങ്ങളില്ല. എല്ലാ സന്തോഷത്തോടെയും സുഖങ്ങളോടെയും ജീവിച്ചു മരിച്ച ഞങ്ങളുടെ അമ്മച്ചിക്കുള്ള സ്‌നേഹ നിര്‍ഭരമായ ഞങ്ങളുടെ യാത്രയയപ്പായിരുന്നു അത്. അതിനെ പലരും വിമര്‍ശിക്കുന്നു. ചിലര്‍ കളിയാക്കുന്നു. അതൊന്നും ഞങ്ങളുടെ വിഷയമല്ല. അതേ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നേയില്ല. അത് ഞങ്ങളുടെ വിഷയവുമല്ല. അമ്മച്ചി ഞങ്ങള്‍ക്ക് ആരായിരുന്നു ഞങ്ങള്‍ക്ക് അറിയാം. അമ്മച്ചിയുമായി ഞങ്ങള്‍ക്കെല്ലാമുള്ള ആത്മബന്ധത്തെ കുറിച്ചും വാര്‍ധക്യത്തില്‍ ഞങ്ങള്‍ അമ്മച്ചിയെ പരിചരിച്ചത് എങ്ങിനെ എന്നും ഞങ്ങളുടെ കുടുംബത്തെ അറിയുന്നവര്‍ക്കുമറിയാം. അതുകൊണ്ട് തന്നെ ഈ വിവാദങ്ങളും വിമര്‍ശനങ്ങളുമൊന്നും ഞങ്ങളെ ബാധിക്കുന്നതേ ഇല്ല. ഞങ്ങളുടെ കുടുംബത്തെ ഒന്നിച്ചു നിര്‍ത്തുന്ന കണ്ണിയായി എന്നും അമ്മച്ചിയുടെ സ്‌നേഹ നിര്‍ഭരമായ ഓര്‍മകള്‍ ഞങ്ങളുടെ മനസിലുണ്ടാകും ‘ – ഡോ. ജോര്‍ജ് ഉമ്മന്‍ പറഞ്ഞു നിര്‍ത്തി.

എന്നാല്‍ നെഗറ്റിവ് കമന്റ് മാത്രമല്ല വളരെ പോസിറ്റിവ് ആയ കമന്റുകളും ഇതിനിടയില്‍ വന്നിരുന്നു. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കമന്റ് ഇങ്ങനെയാണ്.

‘മരിച്ചാല്‍ ഇങ്ങനെ മരിക്കണം… മല്ലപ്പള്ളി പനവേലില്‍ കുടുബത്തിലെ മുത്തശ്ശി 95 ാം വയസ്സില്‍ മരിച്ചത് മക്കളുടെയും മരുമക്കളുടെയും ചെറുമക്കളുടെയും എല്ലാ സ്‌നേഹവും ശിശ്രൂഷയും ആവോളം അനുഭവിച്ചു അവരില്‍ നല്ലൊരു പങ്കും. കഴിഞ്ഞ ഒരു മാസമായി കൂടെ തന്നെ ഉണ്ടായിരുന്നു താനും. അവരുടെ എല്ലാം പ്രാര്‍ഥനയും അതുതന്നെ ആയിരുന്നു 1 വര്‍ഷത്തോളം കിടക്കയില്‍ അവശയായി കിടന്ന അമ്മച്ചിയുടെ നില കഴിഞ്ഞ 2 മാസമായി അതീവം രൂക്ഷമായി ആഹാരം പോലും കഴിക്കാതെ ശോഷിച്ച അവസ്ഥയിലുമായിരുന്നതിനാല്‍ എത്രയും വേഗം അപ്പച്ചന്റെ അടുത്തേക്ക് കൂട്ടി ചേര്‍ക്കണമേ എന്നു… അന്നൊക്കെ മക്കളും ചെറുമക്കളും ചാരെ ചേര്‍ത്തു പരിചരിച്ചു അവരില്‍ കുറ്റബോധം തെല്ലുമില്ലാത്തത്തിന്റെ സന്തോഷം ആണ് ആ ഫോട്ടോയിലെ നിറഞ്ഞ പുഞ്ചിരികള്‍…

അമ്മച്ചിയുടെ ഭര്‍ത്താവ് CSI സഭയിലെ പുരോഹിതന്‍ ആയിരുന്നു… അദ്ദേഹത്തിന്റെ സഹോദരനും പുരോഹിതന്‍ സഹോദരിയുടെ മകന്‍ ബിഷപ്പ്, മൂത്ത മകന്‍ പുരോഹിതന്‍ , 2 മരുമക്കള്‍ പുരോഹിതര്‍ ഒരു മരുമകന്‍ ബിഷപ്പ്…. അങ്ങനെ പൗരോഹതരുടെ ഒരു നീണ്ട നിരതന്നെ ഉള്ള കുടുബത്തിലെ ഉത്തമായായ ഒരു മാതാവ് എല്ലാം ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും എല്ലാവര്‍ക്കും സന്തോഷവും സമാധാനവും മാത്രം പകര്‍ന്നു ഇമ്പങ്ങളുടെ പറുദീസ്സയിലേക്കു യാത്രയായി….. അമ്മച്ചിയുടെ കൊച്ചുമകനായ എന്റെ സുഹൃത്തിനോട് (ഇദ്ദേഹത്തിന്റെ സഹോദനും പുരോഹിതന്‍ ആണ്) വിഷയം ചൂണ്ടി കാണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി… അപ്പച്ചന്റെ അടുത്തേക്ക് ഞങ്ങള്‍ അമ്മച്ചിയെ സന്തോഷത്തോടെ യാത്രയാക്കി.. മരിക്കുന്നതിന് മുമ്പ് ഞാനും ഒരാഴ്ച അമ്മച്ചിയുടെ അടുത്തു പോയി നിന്നു…
(പടം കണ്ടു കല്ലെറിയുന്ന നമ്മള്‍ നമ്മുടെ വല്യപ്പനെയും വല്യമ്മയെയും… എന്തിനു മാതാപിതാക്കളെ പോലും എത്രകണ്ട് സന്തോഷിപ്പിക്കുന്നു… ശിശ്രൂഷിക്കുന്നു എന്നു സ്വയം പരിശോധന നടത്തിയാല്‍…. മാത്രം മതി…. നമ്മുടെ കല്ലുകള്‍ താനെ താഴെ വീഴും…)