ആപ്പുകള്‍ക്ക് അടിമയായി ഇന്ത്യക്കാര്‍ ; ദിവസവും ചെലവഴിക്കുന്നത് മണിക്കൂറുകള്‍
ദിവസത്തിന്റെ നല്ലൊരു ഭാഗം സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളില്‍ കളയുകയാണ് ഇന്ത്യക്കാര്‍ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിപണികളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഒരു ദിവസം നാലോ അഞ്ചോ മണിക്കൂര്‍ ആപ്പുകള്‍ ബ്രൗസുചെയ്യാന്‍ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പുകള്‍ക്കായി ചെലവഴിക്കുന്ന ദൈനംദിന സമയം രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ 13 വിപണികളിലെ ഉപയോക്താക്കള്‍ പ്രതിദിനം നാല് മണിക്കൂറിലധികം ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ലോകം മുഴുവനുമുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഡൗണ്‍ലോഡുകളില്‍ ടിക്ടോക്കും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും വാട്‌സാപ്പും ഗെയിമിങ് അപ്പുകളുമെല്ലാം മുന്നിലുണ്ട്. മൊബൈല്‍ ആപ് അനലിറ്റിക്സ് പ്ലാറ്റ്ഫോമായ ആപ് ആനിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇന്തോനേഷ്യ, സിംഗപ്പൂര്‍, ബ്രസീല്‍, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, റഷ്യ, തുര്‍ക്കി, യുഎസ്, യുകെ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, അത്തരം മൂന്ന് വിപണികളില്‍ – ഇന്തോനേഷ്യ, സിംഗപ്പൂര്‍, ബ്രസീല്‍ – മൊബൈല്‍ ഉപയോക്താക്കള്‍ ദിവസവും അഞ്ച് മണിക്കൂറിലധികം ആപ്പുകള്‍ക്കായി ചെലവഴിക്കുന്നുന്നുണ്ട്. 2020-ന്റെ രണ്ടാം പാദത്തില്‍ നിന്ന് ആപ്പ് ഉപയോഗത്തിലെ വളര്‍ച്ച അല്‍പ്പം കുറഞ്ഞെങ്കിലും കൊവിഡും ലോക്ക്ഡൗണും ഉപയോഗം വര്‍ധിക്കാന്‍ കാരണമായി. വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ഷോപ്പിങ്ങും നെറ്റ് ബാങ്കിങ്, ഗെയിം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആപ്ലിക്കേഷന്‍ ഉപയോഗം കുതിച്ചുയരാന്‍ ലോക്ക്ഡൗണ്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ മീറ്റിംഗുകള്‍, സ്‌കൂള്‍ ഇവന്റുകള്‍ എന്നിവയ്ക്കും ഓണ്‍ലൈന്‍ ക്ളാസുകള്‍ ഫോണ്‍ ഉപയോഗം വര്‍ദ്ധിപ്പിച്ചു.