എന്താണ് MDMA…? വൈറല്‍ ആയി ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ കുറച്ചു നാളുകളായി പത്രത്താളുകളിലും ചാനലുകളിലും നാം നിരന്തരം കേട്ട് പരിചയമായ ഒരു വാക്കാണ് MDMA. MDMA യുമായി യുവാക്കള്‍ അറസ്റ്റില്‍ എന്ന തലക്കെട്ട് ഇല്ലാത്ത ഒരു ദിവസം പോലും മലയാളക്കരയില്‍ ഇല്ല എന്ന സ്ഥിതിയായിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ ഒന്നായി മാറിക്കഴിഞ്ഞു ഈ MDMA എന്ന വിഷം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത് വലിച്ചു കയറ്റി സ്വപ്നലോകത്ത് ഉല്ലസിച്ചു ജീവിതം നശിപ്പിക്കുകയാണ് നമ്മുടെ തലമുറ. എന്താണ് MDMA…? കഞ്ചാവ് പോലെ ഉള്ള ഒരു ലഹരി വസ്തു അതാണ് പലരുടെയും ഉത്തരം. എന്നാല്‍ അങ്ങനെ അല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബദ്രി നാരായണന്‍ എന്നയാള്‍.

മയക്കുമരുന്നുകളിലെ കാളകൂടമാണ് MDMA എന്ന് അദ്ദേഹം പറയുന്നു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിഷത്തിന്റെ ദൂഷ്യ ഫലങ്ങള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജില്‍ വെച്ച് MDMA യുമായി പിടിയിലായ പെണ്‍കുട്ടി അലറി വിളിച്ച സംഭവമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ കാരണമായത് എന്നും ബദ്രി പറയുന്നു. ഇത് ഉപയോഗിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് ഉണ്ടാകുന്ന നാശവും പോസ്റ്റില്‍ പ്രതിപാദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജില്‍ വെച്ച് MDMA യുമായി പിടിയിലായ പെണ്‍കുട്ടി അലറി വിളിക്കുന്ന കണ്ട് പലരും അഭിനയമെന്നും കഷ്ടമെന്നുമെല്ലാം കമന്റിയതു കണ്ടു. അസഭ്യങ്ങളും കണ്ടു.
പെണ്‍കുട്ടിയുടെ കരച്ചില്‍ തട്ടിപ്പല്ല. അകത്തു ചെന്നവനാണത്.
തികച്ചും നിസഹായാവസ്ഥ തോന്നി. ചിലര്‍ MDMA എന്താണെന്ന് പറഞ്ഞു തരൂ എന്നു പോസ്റ്റിടുന്നതായും കാണുന്നു. കമന്റു നോക്കുമ്പോള്‍ കാര്യം വലിയ പിടിപാടുള്ളവരില്ല.
എന്താണ് MDMA… ?

MDMA അക്ഷരാര്‍ത്ഥത്തില്‍ മയക്കുമരുന്നുകളിലെ കാളകൂടമാണ്.
നമ്മുടെ ചുറ്റുവട്ടവും ഇതിന്റെ കരിനിഴലില്‍ എന്നു മനസ്സിലാക്കി പൊതുജന താല്‍പര്യാര്‍ത്ഥമാണ് ഈ പോസ്റ്റ്. കഴിഞ്ഞ ദിവസം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഷാഡോ സംഘം കൊല്ലത്തുവെച്ച് ഒരു സീരിയല്‍ സിനിമാ നടനെയും MDMA യുമായി പിടികൂടിയ വാര്‍ത്ത കണ്ടിരുന്നു. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നു.
കമലഹാസന്റെ തമിഴ് സിനിമയായ വിക്രത്തില്‍ സന്താനം എന്ന വില്ലന്‍ കഥാപാത്രമായി അഭിനയിക്കുന്ന
വിജയ് സേതുപതി ഇടയ്ക്കിടയ്ക്ക് തന്റെ വായിലേക്ക് നീല നിറത്തിലുള്ള ഒരു വസ്തു വയ്ക്കുന്നുണ്ട്. എന്താണത്? ലഹരിമരുന്നായ ക്രിസ്റ്റല്‍ മെത്ത് ആണ് വിജയ് സേതുപതി ഉപയോഗിക്കുന്നതായി സിനിമയില്‍ കാണിക്കുന്നത്.പാര്‍ട്ടികളിലും മറ്റും തളരാതെ ദീര്‍ഘനേരം സജീവമായിരിക്കാനും , തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും സഹായിക്കുന്ന ലഹരി വസ്തുവെന്ന നിലയ്ക്കാണ് മെത്ത് (Crystal Methamphetamine) കുപ്രസിദ്ധമായത്.

ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ (മെത്തലിന്‍ ഡയോക്സിന്‍ മെത്താഫെറ്റാമിന്‍) യുവാക്കള്‍ക്കിടയില്‍ ഐസ് മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം , ക്രിസ്റ്റല്‍ മെത്ത്, ഷാബു, ക്രിസ്റ്റല്‍, ഗ്ലാസ്, ഷാര്‍ഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റല്‍ ,സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഈ പാര്‍ട്ടി ഡ്രഗ് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യന്‍ വിപണിയില്‍ ലക്ഷങ്ങളും , രാജ്യാന്തര വിപണിയില്‍ കോടികളുമാണ് ഇതിന്റെ മതിപ്പുവില. ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാര്‍ത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാല്‍ മറ്റ് ലഹരി വസ്തുക്കളേക്കാള്‍ പതിന്‍മടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത് . ക്രിസ്റ്റല്‍ മെത്തിന് കയ്‌പ്പേറിയ രുചിയാണുള്ളത്. വെള്ളത്തില്‍ വേഗത്തില്‍ അലിഞ്ഞു ചേരും .എന്നാല്‍ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകര്‍ക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്‌ട്രോക്കിനു വരെ കാരണമായേക്കാം.

മെത്ത് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിര്‍മിക്കാനുപയോഗിക്കുന്ന എഫ്രഡിന്‍. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. എഫെഡ്രാ സിനിക്ക എന്ന ചെടിയില്‍ നിന്നാണ് എഫ്രഡിന്‍ ഉല്‍പാദിപ്പിച്ചിരുന്നത്. ചൈനയിലും , മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയില്‍നിന്നുള്ള എഫ്രഡിന്‍ കായികതാരങ്ങള്‍ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണു ചെടിയുടെ ഉല്‍പാദനവും ഉപയോഗവുമെല്ലാം. ഇന്ത്യയില്‍ പക്ഷേ ചെടിയില്‍ നിന്നല്ലാതെ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ചാണു നിര്‍മാണം. കൊച്ചിയില്‍നിന്നുള്‍പ്പെടെ എഫ്രഡിന്‍ കേരളത്തില്‍ പലയിടത്തുനിന്നും പിടിച്ചെടുത്തിട്ടുമുണ്ട്.
പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎക്കു കേരള നഗര പ്രദേശങ്ങളില്‍ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്‌സൈസ് പറയുന്നത് .

മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതില്‍ സ്ത്രീകളും , യുവാക്കളും വിദ്യാര്‍ഥികളും , ഉള്‍പ്പെടെയുള്ളവരുണ്ട് .ഡിജെ പാര്‍ട്ടികളിലെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാര്‍ട്ടി ഡ്രഗ് എന്ന പേര് വന്നത്. മണവും , രുചിയുമില്ലാത്ത ഇത് ചിലപ്പോള്‍ ജ്യൂസില്‍ കലക്കി നല്‍കിയാണ് മയക്കുന്നത്. ഹാപ്പിനസ് പില്‍സ് (ആനന്ദ ഗുളിക), പീപി എന്നിങ്ങനെയും ഇത് അറിയപ്പെടുന്നുണ്ട്. ബംഗളൂരുവില്‍ ഇവ നിര്‍മിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്. നൈജീരിയന്‍ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് വിവിധ സംസ്ഥാന പോലീസുകള്‍ നല്‍കുന്ന സൂചന. ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും , ചില മാളുകളും കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വില്‍ക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട് . കോവിഡ് കാലത്ത് രഹസ്യകേന്ദ്രങ്ങളിലായിരുന്നു ഇതിന്റെ ഉപയോഗം.പുകയായി വലിച്ചും , കുത്തിവച്ചും , ഗ്ലാസ് പാത്രങ്ങളില്‍ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തില്‍ തന്നെ ഒരുവനെ അടിമയാക്കാന്‍ ശേഷിയുളള ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ തമാശയായി ഒരിക്കല്‍ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഒരു ഗ്രാം ശരീരത്തില്‍ എത്തിയാല്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ ഉണര്‍വ് ലഭിക്കും. ലൈംഗികാസക്തി ഉയര്‍ത്താന്‍ സ്ത്രീകള്‍ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിര്‍മാണ്ണ മേഖലയില്‍ ഉദ്ധാരണ ശേഷി വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും ഐസ് മെത്ത് ഉപയോഗിക്കുന്നു. മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്‌ളാദവും ചെയ്യുന്ന പ്രവൃത്തികള്‍ വീണ്ടും , വീണ്ടും ചെയ്യുന്നതിനുള്ള തോന്നലുമുണ്ടാകും.ഗുണ്ടാസംഘങ്ങള്‍ ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാള്‍ കൊടും മാരകമാണ് ഇവ. ഇവയുടെ ഉപയോഗം വൃക്കയേയും ,ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോള്‍ മരണംവരെ സംഭവിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
വായിലൂടെയും , മൂക്കിലൂടെയും , ഇഞ്ചക്ഷനായും ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നു. പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുന്നതാണ് സാധാരണ രീതി. മെത്ത് പൗഡര്‍ മൂക്കില്‍ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. അകത്തുചെന്നാല്‍, അരമണിക്കൂറിനകം നാഡി വ്യവസ്ഥയെ ബാധിക്കും. എട്ടുമണിക്കൂര്‍ വരെ ലഹരി നീളും. മണമോ , രുചിവ്യത്യാസമോ ഇല്ലാത്തതിനാല്‍ ഇരകള്‍ക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നല്‍കും, പിന്നീടിതിന് അടിമയാവും .

ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.ക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് ഇതിന്റെ കടത്ത്. മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെ നിന്ന് അഭയാര്‍ത്ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിക്കും.
മനുഷ്യനിര്‍മ്മിത ഉത്തേജക മരുന്നായ മെത്താംഫെറ്റാമൈന്‍ പ്രധാനമായും ഒരു വിനോദ ഡ്രഗാണ്. ശ്രദ്ധക്കുറവ് ,ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ , അമിതവണ്ണം എന്നിവയ്ക്കുള്ള ചികിത്സയാണ് ഇത് ഉപയോഗിക്കുന്നത്. മെത്താംഫെറ്റാമൈന്‍ പൊടി അല്ലെങ്കില്‍ ക്രിസ്റ്റല്‍ രൂപത്തിലാകാം. വളരെ വേഗത്തില്‍ അഡിക്ഷന്‍ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈന്‍. കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഇത് പ്രധാനമായും സ്വാധീനിക്കുന്നത്.

മെത്താംഫെറ്റാമൈന്‍ ശരീരത്തില്‍ എത്തുന്നതോടെ വ്യക്തിക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലത കൈവരുന്നു. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. ആളുകള്‍ ഇതിന് അടിമകളാകുമ്പോള്‍ അവര്‍ക്ക് പിന്‍വലിയല്‍ ലക്ഷണങ്ങളും ഉണ്ടാകും. അതായത് മയക്കുമരുന്ന് ഇല്ലാത്തപ്പോള്‍ അവര്‍ക്ക് ക്ഷീണവും , അല്ലെങ്കില്‍ വിശപ്പും അനുഭവപ്പെടും. മെത്ത് എടുക്കാതെ അവര്‍ക്ക് പിന്നീട് സുഖം അനുഭവിക്കാന്‍ കഴിയില്ല (അന്‍ഹെഡോണിയ ).

മാത്രമല്ല മെത്ത് അമിതമായി കഴിക്കുന്നത് ഒരു വ്യക്തിയെ വളരെ വേഗം രോഗിയാക്കും. ചിലപ്പോള്‍ മാനസിക വൈകൃതം കാണിച്ച് ഒരു വ്യക്തിയെ കൊല്ലുക പോലും ചെയ്യും. മെത്താംഫെറ്റാമൈന്‍ ഉപയോഗിക്കുന്ന ആളുകളില്‍ പൊതുവെ പല്ലുകള്‍ കേട് വന്ന് നശിച്ച രൂപത്തില്‍ ആയിരിക്കും . ഇതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ‘മെത്ത് മൗത്ത്’. മെത്ത് മൗത്ത് വളരെ വേഗത്തില്‍ സംഭവിക്കാം. ഒരു പുതിയ ആസക്തിയുള്ള ആള്‍ക്ക് ആരോഗ്യമുള്ള പല്ലുകള്‍ ഉള്ളതില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും. വിദഗ്ധര്‍ പറയുന്നത് ഒരു മെത്ത് അടിമയുടെ ആയുസ്സ് 5-10 വര്‍ഷം മാത്രമായിരിക്കും എന്നാണ്.

പോസ്റ്റ് ലിങ്ക് :