വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ; പൊലീസ് സംരക്ഷണം നല്‍കണം എന്ന ആവശ്യവുമായി അദാനി ഹൈക്കോടതിയില്‍

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറല്‍ യൂജിന്‍ പെരേരയുമായുള്ള ചര്‍ച്ചയില്‍ ആണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ക്ലിഫ് ഹൗസില്‍ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചര്‍ച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം നടന്നു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിച്ചത്.

രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ടു. പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. അതേസമയം പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍. ഇതിനിടെ പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിര്‍മ്മാണ തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണെന്നും പൊലീസും ഭരണകൂടവും നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ചാണ് അദാനിഗ്രൂപ്പ് ഹര്‍ജി നല്‍കിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംരക്ഷണം തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണം. കേന്ദ്ര സേനയുടെ സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നു. കരാര്‍ കമ്പനിയും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.