കനത്ത മഴ ; കണ്ണൂരിന് പിന്നാലെ വയനാട്ടിലും മലവെള്ളപ്പാച്ചില്‍

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. വടക്കന്‍ മലയോര മേഖലകളില്‍ ശക്തമായ മഴയ്‌ക്കൊപ്പം മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്നത് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. കണ്ണൂരിന് പിന്നാലെ വയനാട് ബത്തേരിയും ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചില്‍ ദുരിതം അനുഭവിക്കുകയാണ്. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് സംഭവം. തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളില്‍ വെള്ളം കയറി. വയലിനോട് ചേര്‍ന്ന സ്ഥലമായതിനാല്‍ വേഗത്തില്‍ വെള്ളം കയറുകയായിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചു.

കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാര്‍ പഞ്ചായത്തില്‍ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിലാണ് ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് ഇരുപത്തി ഏഴാം മൈല്‍, പൂളക്കുറ്റി, ഭാഗങ്ങളില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയറിങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്‌നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴയില്‍ വെള്ളം ക്രമാതീതമായി കൂടുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിപ്പുണ്ട്. കണിച്ചാര്‍ കേളകം പഞ്ചായത്തുകളില്‍ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം ഇന്ന് ഇടുക്കി ജില്ലയില്‍ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.