രാജ്യത്തെ ഏറ്റവും വലിയ ഫ്‌ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയായി

നോയിഡയില്‍ സൂപ്പര്‍ടെക്കിന്റെ വിവാദ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവില്‍ ആണ് ഇരട്ടക്കെട്ടിടം തകര്‍ത്തത്. മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരം ഉച്ചയ്ക്ക് 2.30 ഓടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ തകര്‍ത്തത്. സെക്ടര്‍ 93 എയിലെ അപെക്സ്, സെയാനിന്‍ എന്നീ ഫ്‌ലാറ്റുകളാണ് പൊളിച്ചത്. 55000 മുതല്‍ 80000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് സ്‌ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാല് മാസം കൊണ്ട് ഈ കോണ്‍ക്രീറ്റ് മാലിന്യം പൂര്‍ണമായി നീക്കാനാവും എന്ന കമ്പനി പറയുന്നത്.

3700 കിലോ സ്ഫോടക വസ്തുവാണ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. 40 നിലകളുള്ള ഇരട്ട ഗോപുരങ്ങളായ (അപെക്‌സും സെയാനെയും) ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയ്ക്ക് സമീപം നോയിഡയിലെ സെക്ടര്‍ 93 എയിലാണ്. ഈ രണ്ട് ടവറുകളിലുമായി 900-ലധികം ഫ്ളാറ്റുകളുണ്ടായിരുന്നു. നോയിഡയിലെ സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പദ്ധതിയുടെ ഭാഗമാണ് ഇവ. രണ്ട് ടവറുകളും ചേര്‍ന്ന് ഏകദേശം 7.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. 2010ലെ യുപി അപ്പാര്‍ട്ട്‌മെന്റ് നിയമം ലംഘിച്ചാണ് കെട്ടിടം നിര്‍മ്മിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് എമറാള്‍ഡ് കോര്‍ട്ട് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റിയാണ് നിര്‍മാണത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള അകലം പാലിക്കാതെയാണ് ടവറുകള്‍ നിര്‍മിച്ചിരുന്നത്.

യുപി അപ്പാര്‍ട്ട്‌മെന്റ് നിയമപ്രകാരം വ്യക്തിഗത ഫ്ളാറ്റ് ഉടമകളുടെ സമ്മതം വാങ്ങാതെയാണ് ഇവ അനധികൃതമായി നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ടവറുകള്‍ പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. സൂപ്പര്‍ടെക്കിന്റെ തന്നെ മറ്റൊരു ഫ്‌ലാറ്റിലെ താമസക്കാരാണ് കന്പനിക്കെതിരെ പോരാട്ടം നടത്തിയത് എന്നതാണ് കൗതുകകരം. വാഗ്ദാന ലംഘനത്തെ ചൊല്ലി ആരംഭിച്ച നിയമയുദ്ധം ഒടുവില്‍ കന്പനിയുടെ വന്‍ നിയമലംഘനം വെളിച്ചെത്തിക്കുകയായിരുന്നു. 2014 ലാണ് ഇരട്ടകെട്ടിടം പൊളിക്കാന്‍ കോടതി ഉത്തരവിട്ടത് . വൈകാതെ കേസ് സുപ്രീംകോടതിയിലും എത്തി. ഏഴ് വര്‍ഷം നീണ്ട വാദ പ്രതിവാദം . ഒടുവില്‍ കഴിഞ്ഞ വര്‍ഷം അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരി വച്ചു. കാറുകളില്‍ കോടികളുമായി ദിനേന എംഎല്‍എമാര്‍ അറസ്റ്റിലാകുന്ന കാലത്ത് വാഗ്ദാനങ്ങളുണ്ടായില്ലേ എന്ന് ചോദിച്ചാല്‍ നിയമപോരാട്ടത്തിന് മുന്നില്‍ നിന്ന തെവാത്തിയ ചിരിക്കും

ഒരു പാട് അധ്വാനവും മനസ്സാന്നിധ്യവും ഇതിനു വേണമായിരുന്നു ഈ പോരാട്ടത്തിന് വേണമായിരുന്നു. ഒരുപാട് പേരോട് നന്ദിയുണ്ട്. അനീതി നടക്കുമ്പോള്‍ ഭയക്കാതെ പോരാടണമെന്ന് നിശ്ചയിച്ചിരുന്നു. കൂടുതലൊന്നും പറയുന്നില്ല.അവര്‍ക്ക് കഴിയാവുന്നതൊക്കെ അവര്‍ ചെയ്തു. പക്ഷേ നീതി ഞങ്ങള്‍ക്ക് കിട്ടി – ഫ്‌ളാറ്റുടമകളുടെ നിയമപോരാട്ടത്തില്‍ മുന്നില്‍ നിന്ന ഉദയ്ഭാന സിങ് തെവാത്തിയ പറയുന്നു. പൊളിക്കലില്‍ നിന്ന് രക്ഷനേടാന്‍ ഇരട്ട കെട്ടിടം ആശുപത്രിയാക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം മറ്റൊരു വഴി സുപ്രീംകോടതിയില്‍ എത്തുകയുണ്ടായി എന്നാല്‍ ഹര്‍ജിക്കാരന് അഞ്ച് ലക്ഷം പിഴയിട്ടാണ് കേസിലെ നിലപാട് കോടതി അരക്കിട്ട് ഉറപ്പിച്ചത് . അങ്ങനെ ഒരു ദശാബ്ദക്കാലത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ നിയമത്തിന്റെ കവണക്കടിയേറ്റ് ഒരു ഗോലിയാത്ത് കൂടി നിലപതിച്ചത്.