പത്തനംതിട്ടയില്‍ കനത്ത മഴ : ജാഗ്രത പാലിക്കണമെന്ന് മന്ത്രി
പത്തനംതിട്ടയില്‍ കനത്ത മഴ. മണ്ണിടിച്ചില്‍ സാധ്യത മേഖലയില്‍ നിന്ന് ആളുകള്‍ മാറി തമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമല വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് സംശയിക്കുന്നതായും, പമ്പാ നദിയില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് മല്ലപ്പള്ളി താലൂക്കിലെ ചുങ്കപ്പാറയില്‍ കനത്ത നാശനഷ്ടം ഉണ്ടായി . ചുങ്കപ്പാറയിലെ 63 കടകളില്‍ വെള്ളം കയറിയിട്ടുണ്ടെന്നും ഓണത്തിനായി സംഭരിച്ചിരുന്ന സാധനങ്ങള്‍ നശിച്ചതായും ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഇലന്തൂര്‍ വില്ലേജിലെ പട്ടംതറ കോളനിയില്‍ മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ ഒന്‍പതു കുടുംബങ്ങളെ ഇലന്തൂര്‍ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി താമസിപ്പിട്ടുണ്ട്.
മഴ വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും പലയിടത്തും ഗതാഗതം തടസപ്പെട്ടു. ശബരിമല വനത്തില്‍ ഉരുള്‍പൊട്ടി. പമ്പാ ത്രിവേണി ഭാഗത്ത് മണപ്പുറത്ത് വെള്ളംകയറി. ദേശീയ ദുരന്തനിവാരണ സേന നാളെ പത്തനംതിട്ടയിലെത്തും. ഗവി പാതയില്‍ അരണമുടിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. കുമളിയില്‍ നിന്ന് ഗവി വഴി പത്തനംതിട്ടയിലേക്ക് വന്ന കെ എസ് ആര്‍ ടി സി ബസ് തിരികെപോയി. കോട്ടാങ്ങല്‍ പഞ്ചായത്തിലും വെണ്ണിക്കുളത്തും വീടുകളില്‍ വെള്ളം കയറി. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കേരളത്തിലെ പല ജില്ലകളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.