പേവിഷബാധ മരണം തുടരുന്നു ; തൃശ്ശൂരില്‍ പേവിഷബാധയേറ്റ സ്ത്രീ മരിച്ചു

സംസ്ഥാനത്തു പേ വിഷ ബാധയെ തുടര്‍ന്നുള്ള മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. തൃശൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഒരുമാസം മുമ്പ് നായയുടെ കടിയേറ്റെങ്കിലും മൂന്നു ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. എം 6 യൂനിറ്റില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 1.2 ലക്ഷം പേര്‍ക്ക് കേരളത്തില്‍ നായ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് വരെ 19 പേര്‍ പേവിഷബാധ ഏറ്റു മരിച്ചു.

അതേസമയം പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിനേഷനില്‍ നിലവില്‍ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാങ് പറയുന്നു. നായ്ക്കള്‍ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവര്‍ മുന്‍കൂര്‍ വാക്‌സീന്‍ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗന്‍ദീപ് കാങ് വ്യക്തമാക്കി. നിര്‍ഭാഗ്യവശാല്‍, കടിയേറ്റ ശേഷം വാക്‌സീന്‍ നല്‍കുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്‌സീന്‍ എടുക്കുമ്പോള്‍ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്‌സീന്‍ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയില്‍ പ്രധാനമാണെന്നും ഗഗന്‍ദീപ് കാങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാക്‌സീന്‍ ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗന്‍ദീപ് കാങ് വ്യക്തമാക്കി.

സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ട ചിലര്‍ പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിനേഷന്‍ എടുത്ത ശേഷവും മരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പ്രതിരോധ വാക്‌സീന്റെ ഗുണനിലവാര കുറവാണ് ഇതിന് കാരണമെന്ന് പല കോണുകളില്‍ നിന്ന് പരാതിയും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ കടിയേറ്റുള്ള മരണം വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം നായകളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.