മോഹന്‍ലാല്‍ എനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥയില്‍ ; മനസ് തുറന്നു സംവിധായകന് സിബി മലയില്‍
മോഹന്‍ലാല്‍ മമ്മൂട്ടി എന്നിങ്ങനെ ഉള്ള നടന്മാരിലെ അഭിനേതാവിനെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച സംവിധായകന് ആണ് സിബി മലയില്‍. ഒരു കാലത്ത് തിയറ്ററുകള്‍ ആഘോഷിച്ച ഒരു പിടി ചിത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം ഏറെ കാലത്തിനു ശേഷം സംവിധാന രംഗത്ത് തിരിച്ചു വരികയാണ്. ആസിഫ് അലി നായകനായ കൊത്ത് ആണ് സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. എന്നാല്‍ പുതിയ സിനിമയില്‍ ഉപരി തനിക്ക് മോഹന്‍ലാലില്‍ നിന്നും ഏര്‍പ്പെട്ട മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് സിബി. തന്റെ എക്കാലത്തെയും മികച്ച സിനിമയായ ദശരഥത്തിന് രണ്ടാം ഭാഗം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതു നടക്കാതെ പോയത് കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സിബി മലയില്‍. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.
കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്ന നിലയില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദശരഥം. കൃത്രിമ ബീജസങ്കലനം, വാടക ഗര്‍ഭപാത്രം എന്നിവയൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് സിബിമലയില്‍- ലോഹിതദാസ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ‘ദശരഥം’ പിറക്കുന്നത്. സ്ത്രീകളെ ഇഷ്ടമില്ലാത്ത മദ്യപാനിയും അതിസമ്പന്നനുമായ രാജീവ് മേനോന്, മോഹന്‍ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. എന്നാല്‍ സിനിമ ചെയ്യാന്‍ ലാല്‍ ഒട്ടും താല്പര്യം കാണിച്ചില്ല എന്നാണ് സിബി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സിബി മലയിലിന്റെ വാക്കുകള്‍ :
”ദശരഥത്തിന്റെ രണ്ടാം ഭാഗം ഹേമന്ത് കുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതാണ്. നിരവധി പേര് രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെയടുത്തു വന്നിരുന്നു. ഒന്നും ഇഷ്ടപ്പെട്ടില്ല. പലരും മോഹന്‍ലാലിനേയും സമീപിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ച തുടര്‍ച്ചയായിരുന്നു ഹേമന്ത് കുമാര്‍ എഴുതിയത്. എന്നാല്‍ മോഹന്‍ലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു. ലാലിനോടു താന്‍ പറയാമെന്നും വേണു പറഞ്ഞു. എന്നാല്‍ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തില്‍ ഇറക്കും”- സിബി മലയില്‍ പറയുന്നു.
കഥയുടെ ചുരുക്കം ഞാന്‍ പറഞ്ഞു. 2016 ല്‍ ഹൈദരാബാദില്‍ പോയിട്ടാണ് പറയുന്നത്. എനിക്ക് റീച്ചബിള്‍ അല്ലാത്ത അവസ്ഥകളിലേക്ക് ഇവരൊക്കെ എത്തിപ്പെട്ടിരിക്കുന്നു. ഇവരുടെ അടുത്തേക്കെത്താന്‍ ഒരുപാടു കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. അതില്‍ എനിക്കു താല്പര്യമില്ല. ഹൈദരാബാദില്‍ പോകേണ്ടി വന്നതു തന്നെ ഒരു കടമ്പയായിരുന്നു. അര മണിക്കൂറായിരുന്നു എനിക്കു അനുവദിച്ച സമയം. കഥ കേട്ടപ്പോള്‍ കൃത്യമായൊരു മറുപടി പറഞ്ഞില്ല. കഥ പൂര്‍ത്തിയായിട്ട് ഇഷ്ടപ്പെട്ടാല്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ആറു മാസം കൊണ്ട് കഥ പൂര്‍ത്തിയാക്കി. എന്നാല്‍ പിന്നീട് കഥ പറയാനൊരു അവസരം എനിക്കു കിട്ടിയില്ല. എനിക്കു വേണ്ടി പലരും ലാലിനോടു ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ ലാല്‍ ഒഴിഞ്ഞു മാറി”.
ഇക്കാര്യം ആന്റണി പെരുമ്പാവൂരിനോട് സംസാരിച്ചോ എന്ന ചോദ്യത്തിന്, താല്പര്യമില്ലെന്നും ഇവരൊക്കെയാണോ എന്റെ സിനിമകളില്‍ തീരുമാനമെടുക്കേണ്ടതെന്നും സിബി മലയില്‍ തുറന്നടിക്കുന്നു.
”എനിക്കു പോകാന്‍ പറ്റാത്ത ഇടമാണെങ്കില്‍ പിന്നെ ഞാന്‍ അതിനു ശ്രമിക്കില്ല. എന്നെ നിഷേധിക്കുന്നിടത്തു, എന്നോടു മുഖം തിരിക്കുന്നിടത്തേക്കു ഞാന്‍ പോകാറില്ല. എന്റെ ഇത്തരം നിലപാടുകള്‍ കാരണം നഷ്ടങ്ങള്‍ ഒരുപാടു സംഭവിച്ചിട്ടുണ്ട്. മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ജീവിക്കാന്‍ എനിക്കു സാധിക്കില്ല. അത്തരത്തിലൊരു ജീവിതം ദുരന്തമാണ്.” ”ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോള്‍ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല. ”- സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
സിബിമലയില്‍ മോഹന്‍ലാലുമായി അദ്ദേഹം കൈകോര്‍ത്തപ്പോഴൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു. കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ധനം, കമലദളം, മായാമയൂരം, ചെങ്കോല്‍… ഇങ്ങനെ നീളുന്നു ഈ കോംബോയുടെ ഹിറ്റ് സിനിമകള്‍.അതുപോലെ സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തിന് സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് പിന്തുണ കിട്ടിയില്ലെന്നും രണ്ടാം ഭാഗത്തിന് സാധ്യത നിലനില്‍ക്കുന്നുവെന്നേ പറയാനാകൂവെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ വച്ച് ഒരു സിനിമ മനസിലുണ്ടെന്നും മമ്മൂട്ടി തയ്യാറാണോ എന്നറിയില്ലെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.