മഴ തുടരുന്നു ; കോട്ടയം എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തുമാണ് കോട്ടയം ജില്ലയില്‍ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതുപോലെ കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്ക് അവധി ബാധകമാണ്.
അതേസമയം കേരളത്തിലെ 2 ജില്ലകളില്‍ പ്രളയ സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷന് റിപ്പോര്‍ട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ പ്രളയ സാഹചര്യം നിലനില്‍ക്കുന്നത്. മണിമലയാര്‍, അച്ചന്‍കോവിലര്‍, തൊടുപുഴ എന്നീ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. ഭാരതപുഴ, കരുവന്നൂര്‍,കീച്ചേരി, ചാലക്കുടി, പെരിയാര്‍ , മീനച്ചല്‍,മണിമല,തൊടുപുഴ, അച്ചന്‍കോവില്‍, പമ്പ എന്നീ നദികളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, എറണാകുളം, കോട്ടയം,ഇടുക്കി, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകളില്‍ ജലനിരപ്പ് 80% ന് മുകളിലാണ്. അതിശക്തമായ മഴയില്‍ കൊച്ചി നഗരം വലിയ വെള്ളക്കെട്ടിനെയാണ് നേരിടുന്നത്. പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ നഗരത്തില്‍ ഗതാഗത സ്തംഭനം രൂക്ഷമായി. വീടുകളിലും കടകളിലും വെള്ളം കയറി നാശനഷ്ടവും ഉണ്ടായി. മഴ ട്രെയിന്‍ ഗതാഗതത്തെ ഭാഗികമായി ബാധിച്ചു.