യുഎസ് ആസ്ഥാനമായ പി സ്‌ക്വയര്‍ സൊല്യൂഷന്‍സിന്റെ ആഗോള വികസന കേന്ദ്രം സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍
കൊച്ചി:ടോള്‍ സംവിധാന സംയോജനവും സേവനവും ലഭ്യമാക്കുന്ന പ്രമുഖ സ്ഥാപനമായ യുഎസിലെ ന്യൂ ജേഴ്സി ആസ്ഥാനമായ പി സ്‌ക്വയര്‍ സൊല്യൂഷന്‍സിന്റെ ആഗോള വികസന കേന്ദ്രം സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏകദേശം 4000 ച.അടി വിസ്തൃതിയുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം പി സ്‌ക്വയര്‍ സൊല്യൂഷന്‍സ് പ്രസിഡന്റും സിഇഒയുമായ റെഡ്ഡി പട്ലോല്ലയുടെ സാന്നിധ്യത്തില്‍ സ്മാര്‍ട്ട്സിറ്റി സിഇഒ മനോജ് നായര്‍ നിര്‍വഹിച്ചു.
കഴിഞ്ഞ 17-ലേറെ വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സേവനം ലഭ്യമാക്കി വരുന്ന സ്ഥാപനമാണ് പി സ്‌ക്വയര്‍ സൊല്യൂഷന്‍സ്. ആഗോളതലത്തില്‍ ടോള്‍ സംവിധാനം വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍, സിസ്റ്റം ഇന്റഗ്രേഷന്‍, കണ്‍സള്‍ട്ടിങ് സേവനങ്ങളാണ് പി സ്‌ക്വയര്‍ ലഭ്യമാക്കുന്നത്.
ആഗോള ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സ്മാര്‍ട്ട്സിറ്റി കൊച്ചിയില്‍ ആഗോള വികസന കേന്ദ്രം ആരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് റെഡ്ഡി പട്ലോല്ല പറഞ്ഞു. ആഗോള ഗതാഗത വ്യവസായത്തിന് ആവശ്യമായ ബഹുമുഖ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഉതകുന്ന നൂതന കണ്ടുപിടുത്തങ്ങള്‍, ഗവേഷണം, ഗതാഗത സംവിധാനങ്ങളുടെ വികസനം തുടങ്ങിയ കാര്യങ്ങളിലാണ് പുതിയ വികസന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ടോള്‍ സംവിധാന നടത്തിപ്പില്‍ ദശാബ്ദങ്ങളുടെ പ്രവര്‍ത്തിപരിചയമുള്ള സ്ഥാപനമാണ് പി സ്‌ക്വയര്‍ സൊല്യൂഷന്‍സെന്ന് മനോജ് നായര്‍ പറഞ്ഞു. സ്മാര്‍ട്ട്സിറ്റിയിലെ ആദ്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നില്‍ ഒരു കമ്പനി രാജ്യാന്തര കമ്പനിയാണെന്നിരിക്കെ യുഎസിന് പുറത്ത് ആദ്യ വികസന കേന്ദ്രം സ്ഥാപിക്കാന്‍ പി സ്‌ക്വയര്‍ സ്മാര്‍ട്ട്സിറ്റി കൊച്ചിയെ തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.