ഉപയോഗിക്കുക വലിച്ചെറിയുക ; ലിവിങ് ടുഗതര്‍ വര്‍ധിക്കുന്നു ; ജീവിതാസ്വാദനത്തിന് തടസമായി വിവാഹ ബന്ധത്തെ യുവാക്കള്‍ കാണുന്നു : ഹൈക്കോടതി
പുതുതലമുറ ജീവിതാസ്വാദനത്തിന് തടസമായി വിവാഹ ബന്ധത്തെ കാണുന്നുവെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമര്‍ശങ്ങള്‍. ‘പുതുതലമുറയില്‍ ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വര്‍ധിച്ചു വരുന്നു. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു’ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആവശ്യം കഴിയുമ്പോള്‍ ഒഴിവാക്കുന്ന ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ വളരുന്നു. വിവാഹ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിച്ചിരുന്ന കാഴ്ചപാടുള്ള സംസ്ഥാനമായിരുന്നു കേരളം.- ഹൈക്കോടതി പരാമര്‍ശം ഇങ്ങനെ. യുവാവിന്റെ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.
ദുര്‍ബലവും സ്വാര്‍ഥവുമായ കാര്യങ്ങള്‍ക്കും, വിവാഹേതര ബന്ധങ്ങള്‍ക്കുമായി വിവാഹ ബന്ധം തകര്‍ക്കുന്നതാണ് നിലവിലെ പ്രവണത. വിവാഹ മോചിതരാകുന്നവരുടേയും അവരുടെ കുട്ടികളുടേയും എണ്ണം വര്‍ധിച്ചുവരുന്നത് സാമൂഹ്യ ജീവിതത്തെ ദോഷകരമായി ബാധിക്കും. ബാധ്യതകള്‍ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാല്‍ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവള്‍ എന്നതാണ് ഇന്നത്തെ ചിന്താഗതി. എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വര്‍ധിച്ചുവരുന്നതായും ഹൈക്കോടതി പരാമര്‍ശിക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജി കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരായാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
2009 ലാണ് ആലപ്പുഴ സ്വദേശിയായ യുവാവ് ആലപ്പുഴ സ്വദേശിനി തന്നെയായ യുവതിയുമായി വിവാഹം കഴിക്കുന്നത്. ഇരുവരും സൗദി അറേബ്യയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇരുവര്‍ക്കും മൂന്ന് പെണ്‍കുട്ടികളുമുണ്ട്. ആദ്യ വര്‍ഷങ്ങള്‍ വിവാഹ ബന്ധം സുഖമമായിരുന്നുവെന്നും എന്നാല്‍ പിന്നീട് പല പൊട്ടിത്തെറികളുമുണ്ടായതായും പരാതിക്കാരന്‍ ആലപ്പുഴ കുടുംബ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പരസ്ത്രീ ബന്ധം ആരോപിച്ച് ഭാര്യ തന്നെ മര്‍ദിച്ചിരുന്നുവെന്നും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും യുവതി തന്റെ കടമകള്‍ നിര്‍വഹിക്കുന്നില്ലെന്നും യുവാവ് വിവാഹമോചന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. യുവാവ വാങ്ങിയ വസ്തുവകകള്‍ തന്റെ പേരിലേക്ക് മാറ്റിയെഴുതാന്‍ യുവതി സമ്മര്‍ദം ചെലുത്തിയതായും യുവാവ് ആരോപിച്ചു.
എന്നാല്‍ വിവാഹ മോചനത്തെ ഭാര്യ എതിര്‍ത്തു. ഭര്‍ത്താവ് തന്നില്‍ നിന്നും കുട്ടികളില്‍ നിന്നും അകലം പാലിക്കുകയാണെന്നും താനൊരിക്കലും ഭര്‍ത്താവിനെ മര്‍ദിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഭര്‍ത്താവിന് സാമ്പത്തിക അച്ചടക്കമില്ലെന്നും താന്‍ സ്വയം വാങ്ങിയ വീടാണ് അതെന്നും യുവതി വ്യക്തമാക്കി. തനിക്ക് ഭര്‍ത്താവിനേയും തന്റെ കുട്ടികള്‍ക്ക് അച്ഛനേയും വേണമെന്ന് യുവതി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. യുവാവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവാവിന്റെ അമ്മ തന്നെ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യ മര്‍ദിക്കുന്നതായി വാദി ഭാഗത്തിന് തെളിയിക്കാന്‍ കഴിയാതിരുന്നതുകൊണ്ട് തന്നെ ആലപ്പുഴ കുടുംബ കോടതി യുവാവിന്റെ ഹര്‍ജി തള്ളി. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.