ലാ ടൊമാറ്റിന ഉത്സവം ; ഇത്തവണ തക്കാളി എറിയാന്‍ എത്തിയത് 20,000 പേര്‍
കൊറോണ ഭീഷണി കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറ്റി വെച്ച സ്‌പെയിനിലെ പ്രമുഖ ഉത്സവമായ തക്കാളി എറിയല്‍ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയത് 20,000 ത്തോളം പേര്‍. കൊറോണ രോഗാണുവിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം മറ്റെല്ലാ ഉത്സവങ്ങളെ പോലെ തക്കാളി ഉത്സവവും നിര്‍ത്തിവച്ചിരുന്നു. ഉത്സവം പുനരാരംഭിച്ചപ്പോള്‍ ജനങ്ങളില്‍ നിന്നും ആവേശകരമായ പ്രതികരണമാണുണ്ടായത്. ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് എറിയാനായി 130 ടണ്‍ പഴുത്ത തക്കാളിയാണ് സ്‌പെയിനിന്റെ കിഴക്കന്‍ പട്ടണമായ ബുനോളിന്റെ പ്രധാന തെരുവുകളില്‍ ഇറക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണ പോരാട്ടമായി അറിയപ്പെടുന്ന ‘ലാ ടൊമാറ്റിന’ ടിക്കറ്റ് വച്ചായിരുന്നു ഇത്തവണയും നടത്തിയത്. ഒരു ടിക്കറ്റിന് 12 യൂറോയായിരുന്നു വില. ഏതാണ്ട് 20,000 ത്തോളം പേര്‍ തക്കാളിയെറിയാനായെത്തിയെന്ന് സംഘാടകര്‍ അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ പരസ്പരം തക്കാളി വാരിയെറിഞ്ഞു. ഒടുവില്‍ ഉത്സവം കഴിഞ്ഞപ്പോഴേക്കും തെരുവുകള്‍ തക്കാളി ചുവപ്പില്‍ നിറഞ്ഞു.
1945-ല്‍ തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശത്തെപട്ടണത്തിലെ പ്രാദേശിക കുട്ടികള്‍ തമ്മിലുള്ള ഭക്ഷണ വഴക്കില്‍ നിന്ന് ഉണ്ടായ പ്രചോദനമാണ് സ്‌പെയിനിലെ തക്കാളി ഉത്സവം ആരംഭിക്കാന്‍ കാരണമായത്. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് ഉത്സവം നടക്കുന്നത്. 1950-കളുടെ തുടക്കത്തില്‍ ഈ ഉത്സവത്തിന് നിരോധം ഏര്‍പ്പെടുത്തപ്പെട്ടെങ്കിലും പിന്നീട് 1957-ല്‍ പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് അധികാരികള്‍ ഉത്സവം പുനഃസ്ഥാപിച്ചു. 1980-കളില്‍ അന്തര്‍ദേശീയ ഉത്സവമായി മാറിയതിനു പിന്നാലെ ലോകമെമ്പാട് നിന്നും ഉത്സവത്തിന് പങ്കെടുക്കാനായി ആളുകള്‍ ഒഴുകിയെത്തി.
ഈ വര്‍ഷം തക്കാളിയുത്സവത്തിന്റെ 75 -ാം വാര്‍ഷികാഘോഷമായിരുന്നു. കൊവിഡിന് ശേഷം രാജ്യത്തെക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഉത്സവം ഏറെ ആകര്‍ഷകമാക്കാന്‍ സംഘാടകര്‍ ശ്രമിച്ചിരുന്നു. തക്കാളി ഉത്സവം അന്താരാഷ്ട്രാ ടൂറിസം ആകര്‍ഷണമായി പ്രഖ്യാപിച്ചതിന്റെ 20-ാം വാര്‍ഷികം കൂടിയായിരുന്നു ഇത്തവണ. ബുനോള്‍ നഗരത്തിലെ ഏറ്റവും ആകര്‍ഷകമായ ആഘോഷമാണ് ലാ ടൊമാറ്റിന. ഉത്സവത്തിനായി തിരക്ക് കൂടിയതോടെ 2013 മുതല്‍ മുന്‍കൂര്‍ പണമടയ്ക്കുന്നവര്‍ക്ക് മാത്രമേ ഉത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഇത് പ്രാദേശിക സര്‍ക്കാറുകള്‍ക്കുള്ള ഒരു പ്രധാന വരുമാനമാര്‍ഗ്ഗം കൂടിയാണ്. 2012 ലെ ഉത്സവത്തില്‍ പങ്കെടുത്തവരുടെ എണ്ണം 40,000 മായിരുന്നു. ഇതില്‍ വെറും 5,000 പേര്‍ മാത്രമാണ് തദ്ദേശവാസികളായി ഉണ്ടായിരുന്നത്.