മരം മുറിച്ച് നൂറിലധികം പക്ഷികളെ കൊന്ന സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി
ദേശീയ പാത വികസനത്തിന്റെ പേരില്‍ മലപ്പുറത്ത് മരം മുറിച്ച് പക്ഷികളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദേശീയപാതാ അതോറിറ്റിയുടെ കീഴിലുള്ള നിര്‍മ്മാണമായതിനാലാണ് ദേശീയപാതാ അതോറിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാനും നാഷണല്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. കരാറുകാരനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടത്.
തിരൂരങ്ങാടി വികെ പടിയിലാണ് ദാരുണമായ സംഭവം നടന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഇവിടത്തെ പുളിമരം മണ്ണുമാന്തിയന്ത്രമുപയോഗിച്ച് വ്യാഴാഴ്ച പിഴുതുമാറ്റിയിരുന്നു. മരത്തില്‍ കഴിഞ്ഞിരുന്ന പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷികളുമടക്കം നൂറിലേറെ ജീവികളാണ് ചത്തത്. മരം പെട്ടെന്ന് വീണതോടെ കുറേ പക്ഷികള്‍ പറന്ന് രക്ഷപ്പെട്ടെങ്കിലും കുറേയധികം പക്ഷികള്‍ താഴെ വീണ് ചത്തു. കൂടുകളിലുണ്ടായിരുന്ന പക്ഷിക്കുഞ്ഞുങ്ങളാണ് കൂടുതലും ചത്തത്. വന്‍മരം പെട്ടെന്ന് നിലംപതിച്ചതോടെ പക്ഷികള്‍ കൂട്ടത്തോടെ പറക്കുന്നതും നിരവധി പക്ഷികള്‍ മരത്തിനിടയില്‍ ചത്ത് വീണതും ദാരുണമായ കാഴ്ച്ചയായിരുന്നു.
മരം മുറിക്കാന്‍ അനുമതിയുണ്ടെങ്കിലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന് വനം വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിച്ചായിരുന്നു നടപടി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. മണ്ണുമാന്തി ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് നടപടിയെന്നും ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍പെട്ട നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയാണെന്നും വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.