കേരളത്തില്‍ രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിക്കും, ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് നരേന്ദ്രമോദി
ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കും തന്റെ ഓണാശംസകളെന്ന് നരേന്ദ്രമോദി പറഞ്ഞു. നിങ്ങളെ കാണാന്‍ പറ്റിയതില്‍ അതിയായ സന്തോഷവുമുണ്ട്. കേരളം സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണെന്നും നെടുമ്പാശേരിയില്‍ സംഘടിപ്പിച്ച് ബിജെപി പൊതുയോഗത്തില്‍ മോദി മലയാളത്തില്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഭാരതം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിച്ചു. രാജ്യത്തിന്റെ വികസിത മുന്നേറ്റത്തിനായി കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ കഴിയും. എല്ലാവരുടെയും അദ്ധ്വാനവും മന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ബിജെപി സര്‍ക്കാരിന് അത് കഴിയുമെന്ന് മോദി പറഞ്ഞു. ദരിദ്രര്‍ക്ക്, ദളിതര്‍ക്ക്, ചൂഷിതര്‍ക്ക് എല്ലാവര്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ദരിദ്ര കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീടൊരുക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി കേരളത്തില്‍ രണ്ട് ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇതില്‍ ഒരുലക്ഷം വീടിന്റെ പണി പൂര്‍ത്തിയായെന്നും മോദി പറഞ്ഞു.