റഷ്യന്‍ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു ; ആറു മാസത്തിനിടെ മരിച്ചത് 10 പേര്‍
ഉക്രൈന്‍ യുദ്ധം കനത്ത ക്ഷീണം ഏല്‍പ്പിച്ച റഷ്യയില്‍ പ്രമുഖ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് തുടര്‍ക്കഥയാകുന്നു. ഇതില്‍ അവസാനത്തേത് റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദക കമ്പനിയായ ലുക്കോയിലിന്റെ ചെയര്‍മാന്‍ രവില്‍ മഗനോവയുടെ മരണമാണ്. ഇദ്ദേഹം മോസ്‌കോയിലെ ആശുപത്രി ജനലയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് വിവരം. റഷ്യന്‍ ബിസിനസ് രംഗത്തെ വമ്പന്മാരുടെ അടുത്ത കാലത്തെ തുടര്‍ മരണങ്ങളില്‍ പുതിയതാണ് രവില്‍ മഗനോവിന്റെത്.
67-കാരനായിരുന്നു രവില്‍ മഗനോവ്. ഇദ്ദേഹം വീണുമരിച്ചുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. എന്നാല്‍ മഗനോവിന്റെ വീഴ്ച എങ്ങനെ സംഭവിച്ചു എന്നത് വ്യക്തമായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. യുക്രെയ്‌നില്‍ റഷ്യയുടെ സൈനിക അധിനിവേശത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ കമ്പനിയുടെ തലപ്പത്തുള്ളവരുടെ മരണം വര്‍ധിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കിടെ പത്തോളം പേര്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്‌നില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ലുക്കോയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി ഉന്നതന്റെ മരണം.
ഫെബ്രുവരിയില്‍ റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ ആക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് റഷ്യന്‍ എണ്ണ കമ്പനി ഗാസ്‌പ്രോംയുടെ എക്‌സിക്യൂട്ടീവ് അലക്‌സാണ്ടര്‍ ട്യുലക്കോവ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഗാരിഷില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. നൊവാടെക്കിന്റെ മുന്‍ ഉന്നതന്‍ സെര്‍ജി പ്രോട്ടോസെന്യയും ഭാര്യയും മകളും ഏപ്രിലില്‍ സ്‌പെയിനിലെ വില്ലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ലുക്കോയില്‍ മാനേജര്‍ അലക്‌സാണ്ടര്‍ സുബോട്ടിന്‍ മോസ്‌കോയിലെ വീടിന്റെ ബേസ്‌മെന്റില്‍ മെയ് മാസത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. മെയ് മാസത്തില്‍ തന്നെ ഗാസ്‌പ്രോംബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് വ്‌ലഡിസ്ലാവ് അവയേവ് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു.
അതേ സമയം ഗുരുതരമായ രോഗത്തെ തുടര്‍ന്നാണ് മഗനോവ് അന്തരിച്ചതെന്ന് ലുക്കോയില്‍ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. ‘ലുക്കോയിലിന്റെ ആയിരക്കണക്കിന് ജീവനക്കാര്‍ ഈ ദാരുണമായ നഷ്ടത്തില്‍ അഗാധമായി ദു:ഖിക്കുന്നു, കൂടാതെ രാവില്‍ മഗനോവിന്റെ കുടുംബത്തിന് ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു,’ പ്രസ്താവനയില്‍ പറയുന്നു. ഫെബ്രുവരിയില്‍ മോസ്‌കോ തങ്ങളുടെ സൈനികരെ ഉക്രെയ്നിലേക്ക് അയച്ചതിന് ശേഷം യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത ചുരുക്കം ചില റഷ്യന്‍ കമ്പനികളില്‍ ഒന്നാണ് ലുക്കോയില്‍.
അതേസമയം യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് ആറ് മാസം തികയുകയാണ്. നിസാരം എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട റഷ്യക്ക് നഷ്ടക്കണക്കുകള്‍ ചികഞ്ഞുപോയാല്‍ അതേറെയാണ്. പൊരുതിക്കൊണ്ടേയിരിക്കുന്ന യുക്രെയ്ന്‍ റഷ്യക്ക് മുന്നില്‍ ഇന്നും മുന്നോട്ടുവയ്ക്കുന്ന പ്രതിസന്ധികളും വലുതാണ്. ഇന്നലെ തലസ്ഥാനമായ കീവില്‍ ഒരു പ്രദര്‍ശനം നടത്തി യുക്രൈന്‍. റഷ്യയ്ക്ക് കണക്കെടുപ്പ് എളുപ്പമാക്കിയ പ്രദര്‍ശനം. മൂന്ന് ദിവസം കൊണ്ട് കാല്‍ക്കീഴിലാക്കാമെന്ന് റഷ്യ കരുതിയ അതേ കീവിലാണ്, യുക്രെയ്ന്‍ തലസ്ഥാനത്തിന്റെ പ്രധാന തെരുവിലിന്നില്‍ തകര്‍ന്നു തരിപ്പണമായ റഷ്യന്‍ ടാങ്കറുകളുടെ പ്രദര്‍ശനം യുക്രൈന്‍ നടത്തിയത്.
റഷ്യന്‍ അധിനിവേശം ആറ് മാസം തികയുമ്പോഴും, യുദ്ധക്കെടുതിയില്‍ വലഞ്ഞുകൊണ്ടേയിരിക്കുന്ന ജീവിതങ്ങളും യുക്രൈനെ വലയ്ക്കുന്നുണ്ട്. അതിനിടയിലാണ് റഷ്യന്‍ വീമ്പിന് നേരെ , ഈ ടാങ്കറുകള്‍ നിരത്തി യുക്രെയ്ന്‍ കളിയാക്കി ചിരിക്കുന്നത്. ചെറുത്തുനില്‍പ്പിന്റെ വിജയചിഹ്നങ്ങളായി അവരീ സൈനിക വാഹനങ്ങളെ കാണുന്നു. കുട്ടികളോട് പറയുന്നു, പടമെടുക്കുന്നു. അവരത് ആത്മവിശ്വാസത്തിന്റെ പ്രതീകമായി എടുത്തു കാട്ടുകയാണ്.