അഴിമതിക്കാര്‍ക്ക് പൂട്ട് വീഴുമോ ? നിര്‍മാണം പൂര്‍ത്തിയായി ആറുമാസത്തിനകം റോഡ് തകര്‍ന്നാല്‍ കേസെടുക്കാന്‍ ഉത്തരവ്
സംസ്ഥാനത്ത് നിര്‍മാണത്തിലെ അഴിമതി ഇല്ലാതാക്കാന്‍ പുതിയ നടപടി. നിര്‍മ്മാണം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ കേസെടുക്കുവാന്‍ വിജിലന്‍സിനു അനുമതി. നിര്‍മാണത്തിലെ അപാകതമൂലം റോഡ് പെട്ടന്ന് തകര്‍ന്നാല്‍ കരാറുകാര്‍ക്കും എഞ്ചിനീയര്‍ക്കുമെതിരെയാണ് കേസെടുക്കുക. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ്. റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെടുകയും അപകടങ്ങളുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ തകര്‍ന്നാല്‍ ആരും ഉത്തരവാദികളല്ലാത്ത അവസ്ഥ മാറണെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്.
ഉത്തരവ് പ്രകാരം, നിര്‍മാണം പൂര്‍ത്തീകരിച്ച് ആറ് മാസത്തിനകം റോഡ് തകരുകയോ, റോഡില്‍ കുഴികള്‍ രൂപപ്പെടുകയോ ചെയ്താല്‍ കരാറുകാര്‍ക്കെതിരേയും എഞ്ചിനീയര്‍ക്കെതിരെയും വിജിലന്‍സ് കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതാത് കോടതികളില്‍ വിജിലന്‍സ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും. ഒരു വര്‍ഷത്തിനുള്ളിലാണ് റോഡുകള്‍ തകരുന്നതെങ്കില്‍, അവര്‍ക്കെതിരേ അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.എന്നാല്‍ മറ്റെന്തെങ്കിലും കാരണത്താലോ, പ്രകൃതി ക്ഷോഭത്താലോ റോഡ് തര്‍ന്നാല്‍ ഇത് നിലനില്‍ക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. കടുത്ത മഴമൂലമോ പ്രകൃതി ദുരന്തമോ മൂലം റോഡ് തകര്‍ന്നാല്‍ കരാറുകാരോ, എഞ്ചിനീയറോ ഉത്തരാവിദികളായിരിക്കില്ല. ഇക്കാര്യത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക.