വൈദ്യസഹായം വേണം ; വിവാദ സാമി നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്

സ്വന്തമായി രാജ്യവും കറന്‍സിയും ഒക്കെ ഇറക്കിയ വിവാദ ആത്മീയ നേതാവ് നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. ഒളിവില്‍ കഴിയുന്ന നിത്യാന്ദ ഓഗസ്റ്റ് 7ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് കത്ത് എഴുതുകയും ഗുരുതരാവസ്ഥയിലാണെന്ന് കാട്ടി വൈദ്യസഹായം അടിയന്തരമായി ആവശ്യപ്പെടുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും കത്തില്‍ പരാമര്‍ശിച്ചതായി ശ്രീലങ്കന്‍ സര്‍ക്കാരില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ നിക്ഷേപം നടത്താനുള്ള നിത്യാനന്ദയുടെ വാഗ്ദാനവും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2010ലെ ഒരു ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ടാണ് നിത്യാനന്ദയ്‌ക്കെതിരെയുള്ള കേസ്. ആത്മീയ കാര്യങ്ങള്‍ക്കായി എത്തിയ സ്ത്രീയെ നിത്യാനന്ദ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പരാതിയില്‍ മുന്‍പും കോടതി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പൊലീസിന് നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കേസില്‍ നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇയാള്‍ രാജ്യത്തിന് പുറത്തേക്ക് ഒളിച്ചുകടന്നതോടെ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. ശ്രീലങ്കയിലെ, കൈലാസം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രദേശത്താണ് നിത്യാനന്ദ ഇപ്പോഴുള്ളതെന്നാണ് വിവരം. 2019ല്‍ പുറപ്പെടുവിച്ച സമന്‍സിനും നിത്യാനന്ദ മറുപടി നല്‍കിയിരുന്നില്ല. പുതിയ വാറണ്ടിന് സെപ്തംബര്‍ 23 വരെയാണ് പ്രാബല്യമുള്ളത്.