സില്‍വര്‍ലൈന്‍ പദ്ധതി കര്‍ണാടകത്തിലേക്ക് നീട്ടണമെന്ന ആവശ്യവുമായി സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരളം
സില്‍വര്‍ലൈന്‍ പദ്ധതി കര്‍ണാടകത്തിലേക്ക് നീട്ടണമെന്നാണ് ആവശ്യമുന്നയിച്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സില്‍വര്‍ലൈന്‍ വിഷയം ഉയര്‍ത്തി കേരളം. തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും സാമ്പത്തിക സഹകരണവും യോഗത്തില്‍ ചര്‍ച്ചയായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കോവളത്തെ ഹോട്ടല്‍ ലീല റാവിസില്‍ രാവിലെ 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യോഗം ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായ യോഗത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരളം ഉയര്‍ത്തിക്കാട്ടി. കാസര്‍ഗോഡ് വഴി മംഗലാപുരത്തേക്ക് പാത നീട്ടണമെന്ന ആവശ്യം കേരളം യോഗത്തില്‍ മുന്നോട്ട് വച്ചു. തലശ്ശേരി – മൈസൂര്‍ – നിലമ്പൂര്‍ – നഞ്ചങ്കോട് റെയില്‍പാത യാഥാര്‍ത്യമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫിഷിംഗ് ബോട്ടുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് കടന്നുകയറുന്നതായി ലക്ഷദ്വീപ് ഭരണകൂടം പരാതിപ്പെട്ടു. തീരശോഷണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും കേന്ദ്ര – സംസ്ഥാന സാമ്പത്തിക ശാക്തീകരണവും യോഗത്തില്‍ ചര്‍ച്ചയായി.