ബൈക്ക് കുഴിയില്‍ വീണു മകന് പരിക്ക് പറ്റി ; റോഡിലെ കുഴികള്‍ നികത്തി യുവാവ്

കേരളത്തിലെ റോഡിലെ കുഴികള്‍ ഇപ്പോള്‍ ലോക പ്രശസ്തമായി കഴിഞ്ഞു. കുഴിയുടെ പേരില്‍ സര്‍ക്കാരുകള്‍ തമ്മില്‍ പഴിചാരി രക്ഷപ്പെടുകയാണ്. എന്നാല്‍ മറ്റൊരിടത്തു കുഴിയില്‍ വീണു മലയാളികളുടെ ജീവനും നഷ്ടമായികൊണ്ടിരിക്കുകയാണ്. പരിക്കേറ്റു ആശുപത്രികളിലും വീടുകളിലും കഴിയുന്നവരും വേറെ. ചില ഇടത്തൊക്കെ കുഴിയുടെ എണ്ണം എടുക്കാന്‍ പോലീസിനെ ഏര്‍പ്പാടാക്കി എങ്കിലും കണക്കെടുപ്പ് മാത്രമാണ് നടക്കുന്നത്. കുഴിയില്‍ വാഴ നട്ടും കുഴിയിലെ വെള്ളത്തില്‍ കുളിച്ചും വള്ളം ഇടക്കിയും ഒക്കെ മലയാളികള്‍ പ്രതിഷേധിക്കുന്നുണ്ട് എങ്കിലും ഇതില്‍ നിന്നൊക്കെ വ്യത്യസത്മായ ഒരു പ്രതിഷേധമാണ് ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് കാരണം.

കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ബൈക്ക് കുഴിയില്‍ വീണു മകന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് റോഡിലെ കുഴികള്‍ സ്വയം നികത്തി യുവാവ്. തിരുവനന്തപുരം വര്‍ക്കല ഇടവ സ്വദേശി സാബു കുരുവിളയാണ് റോഡിലെ കുഴികള്‍ അടച്ചു മറ്റുള്ളവര്‍ക്ക് മാതൃകയായത്. 4 ദിവസങ്ങള്‍ക്കു മുന്‍പ് സാബുവും കുടുംബവും വര്‍ക്കല വഴി ഇടവായിലേക്ക് യാത്ര ചെയ്യവേ ബൈക്ക് പുന്നമൂട് പമ്പിനു സമീപത്തെ റോഡിലെ കുഴിയില്‍ വീണു. തുടര്‍ന്ന് സബുവിന്റെ കുഞ്ഞു മകനു പരിക്ക് പറ്റി ഇതാണ് കുഴികള്‍ അടക്കുവാന്‍ സാബുവിനെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസങ്ങളായി കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സബ് പണി കഴിഞ്ഞു വന്നതിനു ശേഷം കുഴികളില്‍ മെറ്റില്‍ നിറച്ചു ഇന്ന് സിമന്റും മണലും ഇട്ട് വര്‍ക്കല മുതല്‍ പുന്നമൂട് വരെയുള്ള 5 ഓളം വലിയ കുഴികള്‍ അടക്കുകയായിരുന്നു.