68-ാമത് നെഹ്രുട്രോഫി മഹാദേവികാട് കാട്ടില്‍ തെക്കെതില്‍ ചുണ്ടന് ; ഉദ്ഘാടനത്തിനു എത്താതെ പിണറായി
68-ാമത് നെഹ്റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറിഞ്ഞ കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ സ്വന്തമാക്കി. 4.31 മിനിട്ട് സമയം കൊണ്ടാണ് സമയം കാട്ടില്‍ തെക്കേതില്‍ കിരീടം സ്വന്തമാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍സ് ബോട്ട് ലീ?ഗ് വിജയികളാണ് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് ). രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനലില്‍ ഉണ്ടായിരുന്നത്.
ആവേശകരമായ ഹീറ്റസ് മത്സരങ്ങളില്‍ നിന്ന് മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് കലാശപോരാട്ടത്തിന് തുഴയെറിഞ്ഞത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന വള്ളംകളിയില്‍ പുന്നമട കായല്‍ അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി മാറുകയായിരുന്നു. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് വള്ളംകളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ റിട്ട. അഡ്മിറല്‍ ഡി.കെ.ജോഷി മുഖ്യാതിഥിയായിരുന്നു.
അതേസമയം നെഹ്‌റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. നേരത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, അവസാന സമയം മുഖ്യമന്ത്രി എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗത്തിനെത്തിയ കേന്ദ്രമന്ത്രി അമിത് ഷായെ വള്ളംകളിക്ക് സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചത് വിവാദമായിരുന്നു. എന്നാല്‍ വള്ളംകളി കാണാന്‍ എത്താനാകില്ലെന്ന് അമിത് ഷായും അറിയിച്ചു.