തന്റെ മകളേക്കാള്‍ പഠിക്കാന്‍ മിടുക്കന്‍ ; എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ ‘അമ്മ വിഷം കൊടുത്തു കൊന്നു
ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുതുച്ചേരിയില്‍ നിന്നും. എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ ‘അമ്മ വിഷം കൊടുത്തു കൊന്നു. കാരണമായത് മരിച്ച കുട്ടി തന്റെ മകളേക്കാള്‍ പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നു എന്നതും. പുതുച്ചേരി കാരയ്ക്കല്‍ സ്വകാര്യ സ്‌കൂളിലെ ബാലമണികണ്ഠനാണ് മരിച്ചത്. സംഭവത്തില്‍ സഹപാഠിയുടെ അമ്മ വിക്ടോറിയയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ പരിപാടിയുടെ റിഹേഴ്സലില്‍ പങ്കെടുത്ത ശേഷം ഉച്ചയോടെയാണ് ബാലമണികണ്ഠന്‍ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടന്‍ കുട്ടി ഛര്‍ദ്ദിക്കുകയും ബോധരഹിതനാകുകയും ചെയ്തു. ഉടനെ രക്ഷിതാക്കള്‍ കുട്ടിയെ കാരയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടി കുടിച്ച ശീതളപാനീയത്തില്‍ വിഷം കലര്‍ന്നുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തി. റിഹേഴ്‌സല്‍ സമയം ഒരു കുട്ടിയുടെ അമ്മ ശീതളപാനീയം നല്‍കിയത് കണ്ടുവെന്ന സ്‌കൂള്‍ വാച്ച്മാന്റെ വെളിപ്പെടുത്തലാണ് സംഭവം പുറത്തെത്തിച്ചത്. ഇതേതുടര്‍ന്ന് ബാലമണികണ്ഠന്റെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പൊലീസ് പിടികൂടിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്. മകള്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്. മകളോട് മത്സരിക്കുന്ന രീതിയില്‍ ബാലാമണികണ്ഠന്‍ പഠിക്കുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അമ്മ പറയുന്നത്.