മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇനി സച്ചിന്‍ദേവ് എം എല്‍ എയ്ക്ക് സ്വന്തം

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന സ്ഥാനം ഉള്ള തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ദേവും വിവാഹിതരായി. എകെജി സെന്ററില്‍ രാവിലെ 11 മണിയോടെ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. നേതാക്കള്‍ കൈമാറിയ മാല പരസ്പരം ചാര്‍ത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി, സിപിഎം തിരുവനന്തപുരം, കോഴിക്കോട് ജില്ലാ സെക്രട്ടറിമാര്‍ അടുത്ത ബന്ധുക്കള്‍ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്.

പ്രമുഖ നേതാക്കളെല്ലാം ഇരുവര്‍ക്കും ആശംസകളറിയിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി കുടുംബസമേതമെത്തിയാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവഹചടങ്ങുകള്‍ക്ക് ശേഷം അതിഥികള്‍ക്ക് ചായസല്‍ക്കാരം മാത്രമാണുള്ളത്. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തില്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു.

സച്ചിന്‍ദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. നിയമ ബിരുദധാരിയും. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സി പി എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21ാം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് മേയറായത്. ബാലസംഘ കാലം മുതലേ പരിചയക്കാരാണ് ആര്യയും സച്ചിനും. മാര്‍ച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.