ഓണ സദ്യ മാലിന്യത്തില്‍ എറിഞ്ഞു പ്രതിഷേധം ; സംഭവം തിരുവനന്തപുരത്ത്

ഒരു നേരത്തെ ആഹാരത്തിനു ആയിരങ്ങള്‍ അലയുന്ന നാട്ടില്‍ മുപ്പതിലേറെ പേര്‍ക്ക് കഴിക്കാനുള്ള ഓണ സദ്യ മാലിന്യത്തില്‍ എറിഞ്ഞു പ്രതിഷേധം. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് അതിരുവിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. തയാറാക്കിയ സദ്യ എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫീസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. അതിനാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ ജോലി കഴിഞ്ഞ് മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശിച്ചു. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേര്‍ക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് ന്യായീകരണം.