ഏഴു മാസത്തിനിടെ കേരളത്തില്‍ പട്ടി കടിച്ചത് രണ്ടുലക്ഷത്തോളം പേരെ ; മരിച്ചത് 21 പേര്‍

തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി കേരളം മാറിയിട്ട് കാലങ്ങളായി. എന്നാല്‍ തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെയും ജീവന്‍ നഷ്ടമാകുന്നവരുടെയും എണ്ണത്തില്‍ വന്‍വര്‍ധനയാണ് അടുത്ത കാലത്തായി ഉണ്ടായിരിക്കുന്നത്. ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. ഇതില്‍ 2 ലക്ഷത്തോളം പേര്‍ക്ക് കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് കടിയേറ്റത്. 21 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പത്തനംതിട്ട റാന്നി സ്വദേശിനിയായ 12 കാരി അഭിരാമിയാണ് ഏറ്റവും ഒടുവിലത്തെ ഇര. പ്രതിദിനം ആയിരം പേര്‍ക്ക് കടിയേല്‍ക്കുകയും പത്ത് ദിവസത്തില്‍ ഒരാള്‍ നായയുടെ കടിയേറ്റ് മരിക്കുന്ന തരത്തിലേക്കുമാണ് കേരളത്തില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

ഏഴ് മാസത്തിനിടെ 1,83,931 പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കുകള്‍. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്. തിരുവന്തപുരം, പാലക്കാട് ജില്ലകളിലാണ് ആക്രമണം കൂടുതല്‍. 2016 നെ അപേക്ഷിച്ച് 2022ല്‍ പേവിഷ പ്രതിരോധ വാക്‌സീന്‍ ഉപയോഗത്തില്‍ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തില്‍ 109 ശതമാനവും വര്‍ധനയുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ പേപ്പട്ടിയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 200 ശതമാനം വര്‍ധനയുണ്ടായി എന്നാണ് കണക്കുകള്‍. മരിച്ച 21 പേരില്‍ 6 പേര്‍ വാക്‌സിനെടുക്കാത്തവരാണെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. വാക്സിനെടുത്തിട്ടും മരണം സംഭവിച്ചത് വാക്‌സിന്റെ ഫലപ്രാപ്തിയെ പറ്റി ആശങ്കയുണ്ടാക്കി. ഇവര്‍ക്ക് കടിയേറ്റത് നെഞ്ച്, മുഖം, കഴുത്ത്, ചെവി, കൈവെള്ള എന്നിവിടങ്ങളില്‍ ആയിരുന്നു. ഈ ഭാഗങ്ങളിലെ മുറിവുകളില്‍ കൂടി വിഷം അതിവേഗം തലച്ചോറിലെത്തും. വാക്സിനെടുത്താലും ഫലമുണ്ടാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

വാക്സിന്‍ ഫലപ്രദമാകാതിരിക്കാന്‍ പലതരം കാരണങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കുത്തിവെപ്പിന്റെ സാങ്കേതിക രീതികള്‍ കൃത്യമായി പാലിക്കാത്തതാണ് പ്രശ്നമെന്ന് ചിലര്‍ പറയുന്നു. ക്രമപ്രകാരം വാക്സിന്‍ എടുത്തില്ലെങ്കില്‍ ഫലം കിട്ടാതെ പോകുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പ്രത്യേക ഊഷ്മാവില്‍ ശീതീകരിച്ച് സൂക്ഷിക്കാത്തതുകൊണ്ടാണ് വാക്സിന്‍ നിര്‍വീര്യമാകുന്നതെന്ന ആരോപണവും ഗൗരവത്തിലെടുക്കേണ്ടതുണ്ട്. അതിനിടെ പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റു മരിച്ച 12കാരി അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം. പൂനൈയിലെ ലാബില്‍ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.